സാന്ത്വനം യുക്മ ചാരിറ്റി ഫൗണ്ടേഷൻ സമർപ്പിക്കുന്ന സഹായ പദ്ധതി
Monday, February 20, 2017 10:18 AM IST
ലണ്ടൻ: പുതുതായി ചുമതല ഏറ്റെടുത്ത യുക്മ നാഷണൽ കമ്മിറ്റി സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന്‍റെ ഭാഗമായി അടിയന്തര പ്രധാന്യത്തോടെ യുകെ മലയാളികൾക്കായി കൊണ്ടുവന്ന സഹായ പദ്ധതിയാണ് യുക്മ സാന്ത്വനം. ഈ പദ്ധതി അനുസരിച്ച് യുകെയിൽ മരണമടയുന്ന അർഹരായ മലയാളികളുടെ സംസ്കാര ചടങ്ങിന് ആവശ്യമായതോ, ഭൗതിക ശരീരം കേരളത്തിൽ എത്തിക്കുന്നതിനോ വേണ്ട നടപടി ക്രമങ്ങളിലും സാന്പത്തിക ആവശ്യങ്ങളിലും യുക്മ പൂർണമായും ഉത്തരവാദിത്വം ഏറ്റെടുക്കും. ഈ ആവശ്യങ്ങൾക്കായി യുക്മയുടെ സാന്പത്തിക സഹായമായി ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്ന തുക 2500 പൗണ്ട് ആണ്. യുക്മയുടെ 2017-19 വർഷത്തേക്കുള്ള നാഷണൽ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ തന്നെ നാഷണൽ കമ്മിറ്റിഅംഗങ്ങളിൽ നിന്നും മാത്രമായി 2500 പൗണ്ട് സമാഹരിക്കുകയും പദ്ധതി ഒൗപചാരികമായി പ്രഖ്യാപിക്കുകയും ചെയ്തു.

പദ്ധതി തുടർന്നുകൊണ്ടു പോകുന്നതിനും യുകെയിലെ മുഴുവൻ മലയാളികളുടെയും യുക്മ അംഗ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണവും പങ്കാളിത്തവും യുക്മ നാഷണൽ കമ്മിറ്റി അഭ്യർഥിച്ചു.

മുൻ യുക്മ നാഷണൽ പ്രസിഡന്‍റ് ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ ചെയർമാനായി യുക്മ നാഷണൽ ജോയിന്‍റ് ട്രഷറർ ജയകുമാർ നായരുടെ സഹായത്തോടെയാണ് യുക്മ സാന്ത്വനം പദ്ധതി നടപ്പിൽ വരുത്തുന്നത്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും. യുക്മയുടെ എല്ലാ റീജണുകളിൽ നിന്നും അംഗ സംഘടനകളിൽ നിന്നും ഉള്ള അംഗങ്ങൾക്കും യുക്മക്ക് പ്രാതിനിത്യമില്ലാത്ത ഇടങ്ങളിൽ നിന്ന് അസോസിയേഷനുകൾക്കോ, സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ ഈ കാരുണ്യ സ്പർശത്തിന്‍റെ പ്രചാരകരാകുന്നതിനോ, ഭാഗഭാക്കാകുന്നതിനോ അവസരമുണ്ട്. യുകെയിലെ എല്ലാ മലയാളികളും പദ്ധതിയുമായി സഹകരിക്കണമെന്ന് യുക്മ ദേശീയ നേതൃത്വം അഭ്യർഥിച്ചു.

യുക്മ ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മുഖേന കൂടുതൽ കരുതൽ ധനം ശേഖരിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ ആവശ്യക്കാരെ സഹായിക്കുന്നതിന് കമ്മിറ്റിയുടെ അനുമതിയോടെ തുക വിനിയോഗിക്കുന്നതിനുമാണ് യുക്മ ആലോചിക്കുന്നത്.

കമ്മിറ്റിയിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർ[email protected] ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ജയകുമാർ നായർ 07403223066, റോജിമോൻ വർഗീസ് 07883068181.

റിപ്പോർട്ട്: ബാല സജീവ്കുമാർ