ലിറ്റിൽ മിസ് ചാരിറ്റി ഹാർട്ട് 2016-17ൽ മലയാളി പെണ്‍കുട്ടിക്ക് ചരിത്ര നേട്ടം
Tuesday, February 21, 2017 10:27 AM IST
ലണ്ടൻ: ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്േ‍റ സഹകരണത്തോടെ നടത്തിയ മിസ് ചാരിറ്റി ഹാർട്ട് (Miss Chartiy Hear) ബ്യൂട്ടി പേജന്‍റ് 2016-17 മൽസരത്തിൽ ലിറ്റിൽ മിസ് ചാരിറ്റി ഹാർട്ട് ഗ്രൂപ്പിൽ ലിറ്റിൽ മിസ് ഗ്ലോസ്റ്റർ ആയി മൽസരിച്ച ഗ്ലോസ്റ്ററിലെ സിയൻ ജേക്കബ് എന്ന ആറു വയസുകാരി ചരിത്ര നേട്ടം കുറിച്ചു.

സ്റ്റാഫ് ഫോർഡിൽ നടന്ന ചാരിറ്റി ബ്യൂട്ടി ഇവന്‍റിൽ യുകെ റീജണ്‍ മൽസരത്തിൽ പങ്കെടുത്ത അഞ്ച് മൽസരാർഥികളെ മറികടന്നാണ് സിയൻ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി ഇതിൽ വിജയിയാവുന്നത്.

മൂന്ന് ഡ്രസ് റൗണ്ട് കൂടാതെ ഇന്‍റർവ്യൂ റൗണ്ട് എന്നിവ അടങ്ങിയ നാല് മുതൽ എട്ടു വയസുവരെയുള്ള കുട്ടികളുടെ ലിറ്റിൽ മിസ് ചാരിറ്റി ഹാർട്ട് വിഭാഗത്തിലാണ് സിയൻ ജേക്കബ് പങ്കെടുത്തത്. ബ്രിട്ടീഷ് ചാരിറ്റിയുടെ ലോഗോ പതിച്ച വേഷം ധരിച്ചായിരുന്നു ആദ്യ റൗണ്ട്. ഏതെങ്കിലും ചാരിറ്റി കടയിൽ നിന്നും വാങ്ങിയ വസ്ത്രം ധരിച്ചുകൊണ്ടുള്ള റൗണ്ടായിരുന്നു രണ്ടാമത്തെ ചാരിറ്റി ഷോപ്പ് റൗണ്ട്. ഇതു തെളിയിക്കാൻ ചാരിറ്റി ബില്ല് തെളിവായി കാണിക്കണം. സിയൻറെ അമ്മ രശ്മി മനോജ് തുന്നിയ വസ്ത്രം ആയിരുന്നു ഈവിനിംഗ് ഗ്ലിറ്റ്സ് ആൻഡ് ഗ്ലാമർ (Evening Gltiz and Glamour) മൂന്നാമത്തെ റൗണ്ടിൽ അണിഞ്ഞത്.

അഞ്ചുപേരടങ്ങിയ ഇന്‍റർവ്യൂവിൽ സിയന്‍റെ പ്രവർത്തന മേഖലകളായ സ്കൂൾ, ചാരിറ്റി ഫണ്ട് റെയ്സിംഗ് പ്രവർത്തനം, വീഡിയോ ആൽബം, എക്സ്ട്ര ആക്റ്റിവിറ്റികൾ എന്നിവയിൽ ഉൗന്നിയ ചോദ്യങ്ങൾക്ക് സിയന്‍റെ ഉത്തരങ്ങൾ ചോദ്യകർത്താക്കളെ അന്പരപ്പിച്ചു കളഞ്ഞു. സിയൻ നടത്തിയ നാല്പത്തിയേഴ് ചാരിറ്റി പ്രമോഷൻ പരിപാടികളും മോഡലിംഗിന്‍റെ പോർട്ട് ഫോളിയോയും (Portfolio) പോയിന്‍റ് നേടാൻ സഹായകമായി. ഒപ്പം ബ്രിട്ടീഷ് മലയാളി പത്രത്തിൽ സിയനെക്കുറിച്ചു വന്ന വാർത്ത എക്ട്ര ബോണസ് പോയിന്‍റ് നേടി കൊടുത്തു.

ഫെബ്രുവരി 25ന് നടക്കുന്ന കാർണിവൽ ക്വീൻ ഇന്‍റർനാഷണലിൽ ഹഡർസ്ഫീൽഡ് ആഫ്രിക്കൻ കരീബിയൻ കൾച്ചറൽ ട്രസ്റ്റിനുവേണ്ടി മിനി കാർണിവൽ ക്വീൻ ഗ്ലോസ്റ്റർ ഷെയർ ആയും സിയൻ മൽസരിക്കുന്നു.

ഗ്ലോസ്റ്ററിലെ സെന്‍റ് പീറ്റേഴ്സ് പ്രൈമറി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന സിയൻ മോഡലിംഗ്, ഡാൻസ്, അഭിനയം, സംഗീതം എന്നിവയിൽ മുന്നേറുവാനാണ് താത്പര്യം. മോഡലിംഗ് കന്പനിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സിയന് നിരവധി മോഡലിംഗ് രംഗത്ത് മികച്ച ഓഫറുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാലെ, മോഡേണ്‍, ടാപ്പ്, ഇന്ത്യൻ, ക്ലാസിക്കൽ എന്നീ ഡാൻസുകൾ അഭ്യസിക്കുന്നതൊടൊപ്പം ഈ കൊച്ചു മിടുക്കി കർണാടക സംഗീതവും പഠിക്കുന്നുണ്ട്. കനേഷ്യസ് അത്തിപ്പൊഴിയുടെ ഓണനിലാവ് എന്ന വീഡിയോ ആൽബത്തിലെ മുഖ്യകഥാപാത്രമായും ഈ കൊച്ചു മിടുക്കി വേഷമിട്ടിരുന്നു.

ചേർത്തല സ്വദേശികളായ ഗ്ലോസ്റ്ററിൽ താമസിക്കുന്ന മനോജ് ജേക്കബിന്േ‍റയും രശ്മിയുടെയും മകളാണ് സിയൻ. സഹോദരൻ ജേക്കബ്.