സെവൻ ബീറ്റ്സ് സംഗീതോത്സവവും ഒഎൻവി അനുസ്മരണവും
Tuesday, February 21, 2017 10:28 AM IST
ലണ്ടൻ: യുകെ മലയാളികളുടെയിടയിൽ തരംഗമായി മാറിയ സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡിന്‍റെ ഒന്നാം വാർഷികവും മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച ഒഎൻവി കുറുപ്പ് അനുസ്മരണവും ചാരിറ്റി ഇവന്‍റും ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും മികവുറ്റതായി.

ഫെബ്രുവരി 18ന് കെറ്ററിംഗ് സോഷ്യൽ ക്ലബ് ഹാളിൽ യുകെയിലെ കല, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ നിരവധിപേർ ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുൻ യുക്മ റീജണ്‍ പ്രസിഡന്‍റ് സണ്ണി പി. മത്തായി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോമോൻ മാമ്മൂട്ടിൽ, കനേഷ്യസ് അത്തിപ്പൊഴിയിൽ, കൗണ്‍സിലർ ലീഡോ ജോർജ്, ടോമി തോമസ്, സോബിൻ തോമസ്, സുജാത ചെനിലത്, സാബു കാക്കശേരി, മനോജ് തോമസ് എന്നിവർ പ്രസംഗിച്ചു.

ബെഡ്ഫോർഡിൽ നിന്നുള്ള ഡെന്ന, ലാസ്യ, ശ്രേയ ടീമിന്‍റെ വെൽക്കം ഡാൻസിയോടുകൂടി ആരംഭിച്ച സംഗീതോത്സവത്തിൽ യുകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ ക്ലാസിക്കൽ, സിനിമാറ്റിക് നൃത്ത രംഗങ്ങളും യുകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ഗായകരായ ഡോ. വിപിൻ നായർ, സത്യനാരായണൻ, സുദേവ് കുന്നത്ത്, മനോജ് തോമസ്, നോർഡി, ഫെബി, ജൂഹി, ജെനി, ലിൻഡ, എലിസ, ടെസ, ഡെന്ന തുടങ്ങിയവരുടെ ഗാനങ്ങളും അരങ്ങേറി. ശ്രീകുമാർ ബെഡ്ഫോർഡ് ആദ്യമായി സംവിധാനം ചെയ്ത ന്ധപാപമരം’ ഷോർട്ട് ഫിലിമിന്‍റെ പ്രീമിയർ ഷോയും സംഗീതോത്സവത്തിന് മാറ്റുകൂട്ടി. കേറ്ററിംഗിലെ ഷിബു, ജോർജ്, ഷിനു ടീമിന്‍റെ ഭക്ഷണ ശാല ശ്രദ്ധേയമായി.