ജർമനിയിലെ ബവേറിയൻ സംസ്ഥാനത്ത് ബുർഖ നിരോധിക്കുന്നു
Wednesday, February 22, 2017 10:07 AM IST
ബെർലിൻ: പൊതു സ്ഥലങ്ങളിൽ ബുർഖ നിരോധിക്കുന്നതിനുള്ള കരട് നിയമ നിർദേശത്തിന് ബവേറിയൻ സ്റ്റേറ്റ് ഗവണ്‍മെന്‍റ് അംഗീകാരം നൽകി.

പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നിരോധിക്കാനാണ് നിർദേശം. സ്കൂളുകൾ, കിൻഡർഗാർട്ടനുകൾ, വോട്ടെടുപ്പ് കേന്ദ്രങ്ങൾ, സുരക്ഷാ മേഖലകൾ തുടങ്ങിയവ ഇതിൽപ്പെടുന്നു.

ആശയവിനിമയം എന്ന പ്രാദേശിക സംസ്കാരത്തെ നിഷേധിക്കുന്നതാണ് മുസ് ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്ന വസ്ത്രധാരണമെന്ന് ബവേറിയൻ ആഭ്യന്തര മന്ത്രി ജോവാഹിം ഹെർമൻ തുറന്നടിക്കുകയും ചെയ്തു.

സംസാരത്തിൽ കൂടി മാത്രമല്ല, കണ്ണുകളിലൂടെയും മുഖഭാവങ്ങളിലൂടെയും കൂടിയാണ് ആശയവിനിമയം പൂർണമാകുക എന്നും അദ്ദേഹത്തിന്‍റെ വിശദീകരണം.

ജർമനിയിലെ ഏറ്റവും യാഥാസ്ഥിതികമായ നിലപാടുകൾ വച്ചു പുലർത്തുന്ന സ്റ്റേറ്റുകളിലൊന്നാണ് ബവേറിയ. കഴിഞ്ഞ വർഷം അടുത്തടുത്തു സംഭവിച്ച രണ്ട് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബുർഖ നിരോധിക്കാൻ ബവേറിയ തീരുമാനിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ