പ്രതിഷേധമിരന്പി; ബേലൂർ ക്ഷേത്രത്തിലെ അല്ലു ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിർത്തിവച്ചു
Thursday, February 23, 2017 7:44 AM IST
ഹാസൻ: ജനരോഷത്തെ തുടർന്ന് ഹാസൻ ജില്ലയിലെ ബേലൂർ ചെന്നകേശവ ക്ഷേത്രത്തിലെ ഷൂട്ടിംഗ് നിർത്തിവച്ചു. ഭക്തജനങ്ങളുടെയും പൂജാരിമാരുടെയും പരാതിയെത്തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ക്ഷേത്രപരിസരത്തെ ചിത്രീകരണത്തിനു നല്കിയ അനുമതി റദ്ദാക്കുകയായിരുന്നു.

ചരിത്രപ്രസിദ്ധമായ ബേലൂർ ക്ഷേത്രത്തിൽ, അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രമായ ദുവ്വഡ ജഗന്നാഥത്തിന്‍റെ ചിത്രീകരണമാണ് നടന്നുവന്നിരുന്നത്. ക്ഷേത്രപരിസരത്ത് നിർമിച്ച സെറ്റ് ഭക്തജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രസിദ്ധമായ വൈഷ്ണവ തീർഥാടനകേന്ദ്രമായ ക്ഷേത്രത്തിൽ ചിത്രീകരണത്തിനായി ശിവപ്രതിഷ്ഠ സ്ഥാപിച്ചത് ശരിയായില്ലെന്നും ചൂണ്ടിക്കാട്ടി അവർ പ്രതിഷേധം നടത്തി. തുടർന്ന് ശിവവിഗ്രഹം മാറ്റാൻ ചിത്രീകരണസംഘത്തിനു നിർദേശം നല്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ എൻഡോവ്മെന്‍റ് വിഭാഗത്തിന് കത്തയച്ചു. തുടർന്ന് വിഗ്രഹം നീക്കംചെയ്ത് സംവിധായകൻ ഹരീഷ് ശങ്കർ മാപ്പുപറയുകയും ചെയ്തിരുന്നു.