വീസ കാലാവധി കഴിഞ്ഞ് തങ്ങുന്നവർക്കെതിരെ കർശനനടപടികളുമായി കുടിയേറ്റ നിയന്ത്രണ മെമ്മോ
Thursday, February 23, 2017 7:53 AM IST
വാഷിംഗ്ടണ്‍: നിയമാനുസൃതമല്ലാതെ അമേരിക്കയിലേക്ക് കടക്കാൻ ആരേയും അനുവദിക്കുകയില്ലെന്നും നിയമ വിരുദ്ധമായി കുടിയേറിയവരെ തിരച്ചയയ്ക്കുമെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന് കർശന നടപടികളുമായി മുന്നോട്ടു പോകുന്ന ട്രംപ് ഭരണകൂടം വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതുൾപ്പെടെയുള്ള ഇമിഗ്രേഷൻ എൻഫോഴ്സ്മെന്‍റ് പോളിസി ഫെബ്രുവരി 21ന് പ്രഖ്യാപിച്ചു.

ഏഴ് മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗര·ാർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറൽ കോടതി തത്കാലം മരവിപ്പിച്ചുവെങ്കിലും അമേരിക്കൻ ജനതക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ ഒരു പടി പോലും പുറകോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ട്രംപ് അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നിയന്ത്രണ മെമ്മോ.

അനധികൃതമായി കഴിയുന്നവർ ഏതെങ്കിലും കേസിൽ പ്രതിയാകുകയോ സംശയിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവരെ തിരഞ്ഞു പിടിച്ച് നടപടികളെടുക്കുമെന്ന് സെക്രട്ടറി ജോണ്‍ കെല്ലി ഒപ്പുവച്ച ഹോം ലാന്‍റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റ് മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കെതിരെ ക്രിമിനൽ കേസുകൾക്കുപകരം സിവിൽ കേസെടുക്കണമെന്നും മെമ്മോയിൽ പറയുന്നു. ഏഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും സന്ദർശക വീസയിലെത്തി കലാവധി പൂർത്തിയായിട്ടും മടങ്ങി പോകാത്തവരെ തിരിച്ചയയ്ക്കുമെന്നുള്ളത് ആയിരക്കണക്കിനാളുകളുടെ ഉറക്കം കെടുത്തുന്ന പ്രഖ്യാപനമായി.

റിപ്പോർട്ട്: പി.പി. ചെറിയാൻ