വൂസ്റ്ററിൽ ലിസമ്മ ജോസിന്‍റെ പൊതുദർശനം 25ന്
Friday, February 24, 2017 7:24 AM IST
ലണ്ടൻ: കഴിഞ്ഞ ദിവസം മരിച്ച മലയാളി നഴ്സ് കോട്ടയം വൈക്കം സ്വദേശിനിയായ ലിസമ്മ ജോസിന് (52) വൂസ്റ്ററിലെ മലയാളി സമൂഹം ഫെബ്രുവരി 25ന് (ശനി) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകും.

സെന്‍റ് ജോർജ് കത്തോലിക്കാ പള്ളിയിൽ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ പരേതയുടെ ആത്മശാന്തിക്കായി വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം വൈക്കം ലിറ്റിൽ ഫ്ളവർ പള്ളിയിൽ പിന്നീട്.

ബർമിംഗ്ഹാം അതിരൂപതയിലെ ഏറെ ശ്രദ്ധേയമായ വിശ്വാസി സമൂഹമായി വൂസ്റ്ററിലെ മലയാളി ക്രൈസ്തവ സമൂഹത്തെ ആത്മീയ നാവോഥാനത്തിലേക്കു നയിക്കുന്നതിൽ ലിസമ്മ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. വൂസ്റ്ററിലെ മലയാളി കുടുംബങ്ങളുടെ കുടിയേറ്റത്തിന്‍റെ ആദ്യ കാലഘട്ടത്തിൽ അവിടെയുള്ള കുറഞ്ഞ കുടുംബങ്ങളെ കൂട്ടിച്ചേർത്തു ജപമാല ഭക്തി വളർത്തിയത് ലിസമ്മയുടെ നേതൃത്വത്തിലാണ്. ആത്മീയ നവീകരണത്തിന് യുകെ സന്ദർശിക്കുന്ന മിക്ക ധ്യാന ഗുരുക്കളുടെയും ശുശ്രുഷകൾക്കു കൂട്ടായ്മ്മകളിൽ സൗകര്യം ഒരുക്കിയിരുന്നതും ലിസമ്മയാണ്. ഡിവൈൻ റിട്രീറ്റ് സെന്‍റർ, സെഹിയോൻ യുകെ തുടങ്ങി നിരവധി ധ്യാന കേന്ദ്രങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അർബുദരോഗം കാർന്നു തിന്നുന്പോഴും പുഞ്ചിരിയോടെ സധൈര്യം രോഗത്തെ നേരിടുവാനും വിശ്വാസം പ്രഘോഷിക്കുവാനും പ്രാർഥനാ കൂട്ടായ്മകൾക്കു നേതൃത്വം നൽകുവാനും ലിസമ്മക്ക് കഴിഞ്ഞിട്ടുണ്ട്.

മാൻവെട്ടം കരിക്കുംകാലായിൽ കുടുംബാംഗമായ പരേത വൂസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. വൈക്കം സ്വദേശിയായ ജോസ് ആണ് ഭർത്താവ്. മക്കൾ: ലിസ്മി (വൂസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സ്), ജെസ് ലി, ജെസ് വിൻ (വിദ്യാർഥികൾ).

പള്ളിയുടെ വിലാസം: St. George Catholic Church, 1 Sansome Place, Worcester, WR1 JUG.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ