സേവനം യുകെയുടെ പ്രവൃത്തി അഭിനന്ദനാർഹം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Saturday, February 25, 2017 6:49 AM IST
ആലുവ: സേവനം യുകെയുടെ കാരുണ്യ പ്രവർത്തിയെ അഭിനന്ദിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആലുവ മണപ്പുറത്തെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു സേവനം യുകെ നൽകിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സൗജന്യ ഫസ്റ്റ് എയ്ഡ് ആൻഡ് ആംബുലൻസ് സർവീസിന്‍റെ ഉദ്ഘാടനം ശിവരാത്രി ദിനമായ 24ന് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ആലുവ ശിവഗിരി ആശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ, അൻവർ സാദത്ത് എംഎൽഎ, ശ്രീ നാരായണ സ്പിരിച്വൽ ബിസിനസ് ഫോറം ഭാരവാഹികളായ പ്രകാശ് ഗോവിന്ദ്, അർജുൻ പ്രകാശ്, എം.വി. ഷിബു, സുരേഷ് ബാബു, ആലുവ എസ്എൻഡിപി യൂണിയൻ ഭാരവാഹികളായ ബാലകൃഷ്ണൻ, പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

ആളുകളുടെ ബാഹുല്യം മൂലം അത്യാഹിതങ്ങൾക്കുള്ള സാഹചര്യങ്ങളും ഏറെയാണ്. ഈ സാഹചര്യത്തിലാണ് സേവനം യുകെ തികച്ചും സൗജന്യമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് ആൻഡ് ഫസ്റ്റ് എയ്ഡ് സർവീസ് ഒരുക്കിയിരിക്കുന്നത്. ഡോ. സുരേഷിന്‍റെ മേൽനോട്ടത്തിൽ ഒരുക്കിയിരിക്കുന്ന മെഡിക്കൽ ടീമിൽ എൽദോ കെ. ജെയാണ് എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ. അനുപമ, ഷോബി ജോസഫ്, ലിസു മൈക്കിൾ എന്നിവരാണ് നഴ്സുമാർ. തങ്ങൾ നൽകുന്ന സേവനം വളരെ മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന വോളന്‍റിയേഴ്സ് ആയ അരുണ്‍ സുകുമാരൻ, അഖിൽ സുരേഷ്, മിഥുൻ രാജ് എന്നിവരുടെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.

റിപ്പോർട്ട്: ജെഗി ജോസഫ്