കാട്ടുതീ ഭീഷണിയിൽ കർണാടക
Thursday, March 2, 2017 4:40 AM IST
ബംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാട്ടുതീ മുന്നറിയിപ്പ് ലഭിക്കുന്നത് കർണാടകയിലാണെന്ന് കണക്കുകൾ. ദക്ഷിണ കർണാടക മേഖലയിലെ വനങ്ങളിലാണ് ഏറ്റവും കൂടുതൽ കാട്ടുതീ റിപ്പോർട്ട് ചെയ്യുന്നത്. ഉപഗ്രഹങ്ങളിൽ നിന്നാണ് കാട്ടുതീ മുന്നറിയിപ്പുകൾ ലഭിക്കുന്നത്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഫെബ്രുവരി ഒന്നു മുതൽ 23 വരെ 4,699 കാട്ടുതീ മുന്നറിയിപ്പുകളാണ് സംസ്ഥാനത്തിനു ലഭിച്ചത്. അതായത്, മണിക്കൂറിൽ എട്ട് മുന്നറിയിപ്പുകൾ വീതം.

പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്ന മറ്റു സംസ്ഥാനങ്ങളായ കേരള, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവരേക്കാൾ ഇരട്ടിയിലേറെ മുന്നറിയിപ്പുകളാണ് കർണാടകയ്ക്കു ലഭിച്ചത്. ജനുവരിയിൽ വെറും 86 മുന്നറിയിപ്പുകളാണ് ലഭിച്ചത്. 2,521 മുന്നറിയിപ്പുകളുമായി ആന്ധ്രയും 2,313 മുന്നറിയിപ്പുകളുമായി മഹാരാഷ്ട്രയുമാണ് കർണാടകയ്ക്കു തൊട്ടുപിന്നിൽ.

യുഎസ് സ്പേസ് ഏജൻസിയായ നാസ 2006ൽ വിക്ഷേപിച്ച രണ്ട് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിലെ സെൻസറുകളാണ് കാട്ടുതീ തിരിച്ചറിഞ്ഞ് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയ്ക്കു കൈമാറുന്നത്. ബന്ദിപ്പൂരിൽ ഒരു ഫോറസ്റ്റ് ഓഫീസറുടെ മരണത്തിനു കാരണമായ കാട്ടുതീ ഉണ്ടായ ഫെബ്രുവരി 18, 19 തീയതികളിൽ 218 മുന്നറിയിപ്പുകളാണ് ലഭിച്ചത്. 700 ഏക്കർ വനമാണ് അന്നു കത്തിനശിച്ചത്. നാലു പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.

ഏറ്റവും കൂടുതൽ കാട്ടുതീ മുന്നറിയിപ്പുകൾ ലഭിച്ച ജില്ലകളുടെ പട്ടികയിൽ ഉത്തരകന്നഡ, ശിവമോഗ ജില്ലകളാണ് മുന്നിൽ. ആകെയുള്ള മുന്നറിയിപ്പുകളിൽ 60 ശതമാനവും ഈ രണ്ടു ജില്ലകളിലാണ് ലഭിച്ചത്. ബന്ദിപ്പുർ, നാഗർഹോളെ കടുവാസങ്കേതങ്ങളിൽ ലഭിച്ച മുന്നറിയിപ്പുകളേക്കാൾ 14 ശതമാനം കൂടുതലാണിത്.

ഉത്തരകന്നഡയിലെ കാനറ സർക്കിളിൽ 1,487 ഉം ബന്ദിപ്പുരിൽ 614 ഉം ശിവമോഗയിൽ 1,327 മുന്നറിയിപ്പുകളും ലഭിച്ചു. ഫെബ്രുവരി 18നാണ് ഏറ്റവും കൂടുതൽ മുന്നറിയിപ്പുകളുണ്ടായത്. ബന്ദിപ്പുർ, ശിവമോഗ, കാനറ, ബെലാഗവി, ദാവൻഗരെ തുടങ്ങിയ മേഖലകളിലായി 1,220 മുന്നറിയിപ്പുകളാണ് അന്നു മാത്രം ലഭിച്ചത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം നാലിനുമിടയിലാണ് ഏറ്റവും കൂടുതൽ കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം, എല്ലാ മുന്നറിയിപ്പുകളും കാട്ടുതീയുടേത് ആയിരിക്കണമെന്നില്ലെന്ന് ഉത്തരകർണാടകയിലെ കാനറ സർക്കിൾ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് അശോക് ബി. ബാസർകോഡ് അഭിപ്രായപ്പെട്ടു. കൃഷിയുടെ ഭാഗമായുള്ള തീയിടലും റോഡരികിൽ ചവറുകൾ കത്തിക്കുന്നതുമെല്ലാം സെൻസറിൽ റിക്കാർഡ് ചെയ്യപ്പെടും. അതിനാൽ എല്ലാ മുന്നറിയിപ്പുകളും വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.