ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികാഘോഷങ്ങൾ
Thursday, March 2, 2017 7:04 AM IST
ന്യൂഡൽഹി: രോഹിണി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ മാർച്ച് 19 മുതൽ 26 വരെ വിവിധ പരിപാടികളോടെ ശ്രീനാരായണ ധർമദർശനത്തിന്‍റെ പ്രചാരണത്തിന് പ്രാധാന്യം നൽകികൊണ്ട് ആഘോഷിക്കുമെന്ന് യൂണിയൻ കൗണ്‍സിൽ അറിയിച്ചു. ക്ഷേത്രത്തിന്‍റെ ആചാരാനുഷ്ഠാനപ്രകാരം ഗുരുദേവൻ വിഭാവനം ചെയ്ത ശാന്തിഹവനവും കലശാഭിഷേകവും പ്രഭാഷണവും ഉണ്ടാവും.

മാർച്ച് 20ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികൾക്ക് സ്വീകരണം നൽകും. തുടർന്നു സത്സംഗം നടത്തും. 26ന് രാവിലെ 8.30ന് പ്രതിഷ്ഠാദിന പദയാത്ര ഗുപ്താ കോളനിക്കു സമീപത്തെ ആശ്രമത്തിൽ നിന്നും ആരംഭിച്ച് 9.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് കലശാഭിഷേകം. ഉച്ചയ്ക്ക് 12ന് ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ഉത്തരകാശി സോമാശ്രമത്തിലെ ബ്രഹ്മശ്രീ ഹരിബ്രഹ്മേന്ദ്രാനന്ദ സ്വാമികൾ എന്നിവർക്ക് സ്വീകരണം നൽകും. തുടർന്നു ശ്രീ ശാരദാംബ ഗുരുദേവ ധർമ സാധനാലയത്തിന്‍റെ ഉദ്ഘാടനകർമം നിർവഹിക്കും.

വൈകുന്നേരം എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.പി. മണിയപ്പൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കല്ലറ മനോജ്, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

റിപ്പോർട്ട്: പി.എൻ. ഷാജി