നെട്ടോട്ടം തുടങ്ങി... തുള്ളിവെള്ളമില്ല...!
Friday, March 3, 2017 5:30 AM IST
ബംഗളൂരു: വേനൽ ശക്തിപ്രാപിക്കുന്നതിനു മുന്പേ നഗരത്തിൽ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങി. ജലസ്രോതസുകൾ വറ്റി വരണ്ട തിനെത്തുടർന്ന് പലയിടങ്ങളിലും കുടിവെള്ളവിതരണം തടസപ്പെട്ടു. ഇതോടെ ഭൂഗർഭജലത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. എന്നാൽ നഗരപരിധിയിൽ ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറയുന്നതായാണ് റിപ്പോർട്ടുകൾ. ജൂണ്‍ വരെ നഗരത്തിൽ കുടിവെള്ള വിതരണം തടസപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയെങ്കിലും പലയിടങ്ങളിലും കുടിവെള്ളവിതരണം കാര്യക്ഷമമായി നടക്കുന്നില്ല. പ്രതിസന്ധി മുതലാക്കി സ്വകാര്യ ടാങ്കർ ലോറികൾ കൊള്ളവില ഈടാക്കി ജലവിതരണം നടത്തുന്നുവെന്നും പരാതിയുണ്ട ്.

നഗരത്തിലെ പ്രധാന ജലസ്രോതസായ കാവേരി നദിയിലെ ജലനിരപ്പ് താഴ്ന്നത് പ്രതിസന്ധിക്ക് കാരണമായി. തമിഴ്നാടിന് ജലം വിട്ടുകൊടുക്കുന്നതും ജലനിരപ്പ് താഴാനിടയായി. ബംഗളൂരു, മൈസൂരു, മാണ്ഡ്യ നഗരങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. 45.05 ടിഎംസി അടി സംഭരണശേഷിയുള്ള കെആർഎസ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 5.69 ടിഎംസി അടിയാണ്. 15.67 ടിഎംസി അടി സംഭരണശേഷിയുള്ള കബനി അണക്കെട്ടിൽ 1.53 ടിഎംസി അടി ജലം മാത്രമാണുള്ളത്. കുടകിലെ ഹാരംഗി, തുംഗഭദ്ര, ഹേമാവതി, അൽമട്ടി തുടങ്ങിയ അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നു. ഹെരോഹള്ളി, ലിംഗധീരനഹള്ളി, ആന്ദ്രഹള്ളി തടാകങ്ങളും വരണ്ട ുണങ്ങി. നഗരത്തിലെ 9000 ത്തോളം കുഴൽക്കിണറുകളിൽ 700 ഓളം വറ്റിയതായി ജലവിതരണ ബോർഡ് അറിയിച്ചു. നഗരത്തിൽ ഒരുദിവസം 14,500 ലക്ഷം ലിറ്റർ ജലം ആവശ്യമാണ്. ഇതിൽ 5,000 ലക്ഷം ലിറ്റർ വെള്ളവും കുഴൽക്കിണറിൽ നിന്നാണ് ലഭിക്കുന്നത്.

വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ നഗരത്തിലേക്കുള്ള ജലവിതരണത്തിൽ കുറവുണ്ട ാകുമെന്ന് ബംഗളൂരു ജലവിതരണ ബോർഡ് അറിയിച്ചു. കുടിവെള്ളക്ഷാമം കണക്കിലെടുത്ത് ജലവിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ ജലവിതരണ ബോർഡ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കേടായ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനും നഗരത്തിലെ തടാകങ്ങളും മറ്റു ജലസ്രോതസുകളും നവീകരിക്കാനുമുള്ള നടപടികളാണ് ബോർഡ് ആരംഭിച്ചത്.