കനത്ത സുരക്ഷയിൽ പിയു പരീക്ഷ
Thursday, March 16, 2017 6:09 AM IST
ബംഗളൂരു: സംസ്ഥാനത്ത് കനത്ത സുരക്ഷയിൽ രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ തുടരുന്നു. 998 പരീക്ഷാകേന്ദ്രങ്ങളിൽ നിന്നായി 6.84 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വർഷം ചോദ്യപേപ്പർ ചോർന്നതിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷാ കേന്ദ്രങ്ങളിലും ചോദ്യപേപ്പർ സൂക്ഷിച്ചിരിക്കുന്ന ജില്ലാ, താലൂക്ക് ട്രഷറികളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.

പരീക്ഷാ കേന്ദ്രങ്ങൾക്ക് 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രഷറികളിൽ സിസിടിവി കാമറകളും സുരക്ഷാ അലാറങ്ങളും ചോദ്യപേപ്പർ കെട്ടുകൾക്ക് പ്രത്യേക ബാർ കോഡുകളുമുണ്ട്. 510 പരീക്ഷാകേന്ദ്രങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ സമീപത്തുള്ള ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങൾ അടപ്പിച്ചു.

ഇത്തവണ രാവിലെ 10.15നാണ് പരീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 9.45 ആയിരുന്നു. വിദ്യാർഥികളുടെ സൗകര്യാർഥമാണ് സമയക്രമം മാറ്റിയത്. പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് കർണാടക ആർടിസി സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. ഇതിനായി വിദ്യാർഥികൾ ഹാൾ ടിക്കറ്റുകൾ കണ്ടക്ടറെ കാണിച്ചാൽ മതിയാകും. 27 വരെയാണ് പിയു പരീക്ഷകൾ.