ഡോ. സജീവ് കോശി ക്ലിനിക്കൽ കൗണ്‍സിൽ അംഗം
മെൽബണ്‍: വിക്ടോറിയ സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച വിക്ടോറിയൻ ക്ലിനിക്കൽ കൗണ്‍സിൽ അംഗമായി മലയാളിയായ ഡോ. സജീവ് കോശി നിയമിതനായി.

മെൽബണിലെ റോയൽ ഡെന്‍റൽ ഹോസ്പിറ്റലിൽ എൻഡോഡോന്‍റിക്സ്, പ്രോസ്തോഡോന്‍റിക് വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. സജീവ് കോശി, കേരള ഡെന്‍റൽ കൗണ്‍സിൽ പ്രസിഡന്‍റ്, ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്‍റ്, തിരുവനന്തപുരം ഗവ. ഡെന്‍റൽ കോളജ് അലൂംനി അസോസിയേഷൻ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയ്ക്കു നൽകിയ സംഭാവനകളെ മാനിച്ച് ഡോ. സജീവ് കോശിയെ ഓസ്ട്രേലിയൻ സർക്കാർ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി നൽകി ആദരിച്ചിരുന്നു.

സംസ്ഥാനത്തെ ആശുപത്രികളിലെ നിലവാരവും സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് സർക്കാർ ആരംഭിച്ചിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് വിക്ടോറിയൻ ക്ലിനിക്കൽ കൗണ്‍സിൽ രൂപീകരിച്ചത്. വിക്ടോറിയ സർക്കാരിനും ആരോഗ്യ വകുപ്പ്, മാനുഷ്യക സേവന വകുപ്പ്, ആരോഗ്യ സേവന വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്ലിനിക്കുകളുടെയും ഉപഭോക്താക്കളുടെയും അവകാശ സംരക്ഷണത്തിനുമാണ് ഈ സമിതി നേതൃത്വം നൽകുക.

ഓസ്ട്രേലിയൻ ആരോഗ്യമേഖലയിലെ ഉന്നതാധികാരസമിതികളിൽ ഒന്നായ ഡെന്‍റൽ ബോർഡ് ഓഫ് ഓസ്ട്രേലിയ അംഗമായ ഡോ. ഷാജി തിരുവനന്തപുരം കൈതമുക്കിൽ കുടുംബാംഗമാണ്.

റിപ്പോർട്ട്: ജോണ്‍സണ്‍ മാമലശേരി