മത ചിഹ്നങ്ങൾ വിലക്കുന്നതിനെതിരെ യൂറോപ്പിൽ വ്യാപക പ്രതിഷേധം
Monday, March 20, 2017 7:23 AM IST
ഫ്രാങ്ക്ഫർട്ട്: തൊഴിലിടങ്ങളിൽ മതചിഹ്നങ്ങൾ വിലക്കിക്കൊണ്ടുള്ള യൂറോപ്യൻ യൂണിയൻ കോടതിയുടെ ഉത്തരവിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. ഉത്തരവ് മതവിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും കടുത്ത വിവേചനമാണെന്നും ആംനസ്റ്റി ഇന്‍റർനാഷണൽ കുറ്റപ്പെടുത്തി. ഉത്തരവിനെതിരെ മുഴുവൻ രാജ്യങ്ങളും രംഗത്തിറങ്ങണമെന്നും സംഘടന ആഹ്വാനം ചെയ്തു.

യൂറോപ്പിന്‍റെ കടുത്ത മുസ് ലിം വിരുദ്ധതയാണ് കോടതി ഉത്തരവിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം വിമൻസ് ലോയേഴ്സ് ഫോർ ഹ്യൂമൻറൈറ്റ്സ് ആരോപിച്ചു. നിയമത്തിന്‍റെ പിന്തുണയോടെ നടക്കുന്ന വിവേചനമാണിത്. മതചിഹ്നങ്ങൾക്ക് നിരോധനം എന്ന് ഉറക്കെ പറയുന്പോഴും അത് ഹിജാബ് നിരോധനമാണ് ലക്ഷ്യമിടുന്നത്. മുസ്ലിം സ്ത്രീയുടെ മൗലിക അവകാശത്തിനെതിരായ നീക്കമാണിതെന്നും സംഘടന വിമർശിക്കുന്നു.

അതേസമയം, കോടതി വിധിയെ അനുകൂലിച്ച് യൂറോപ്പിലെ വലതുപക്ഷ സംഘടനകൾ രംഗത്തെത്തി. വിധി യൂറോപ്യൻ മൂല്യങ്ങളെ മുറുകെ പിടിക്കുന്നതാണെന്ന് യൂറോപ്യൻ പീപപ്പിൾസ് പാർട്ടി മേധാവി മാൻഫ്രെഡ് വെബെർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ പാർലമെന്‍റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി. ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനാർഥി ഫിലനും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട ്. ബെൽജിയവും ഫ്രാൻസുമാണ് ജോലി സ്ഥലത്ത് മതചിഹ്നങ്ങൾ വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജർമനിയിൽ ജോലി സ്ഥലത്ത് മതചിഹ്നങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമോ വേണ്ടയോ എന്നത് ഓരോ ജോലിദാതാവിനും തീരുമാനിക്കാൻ അനുവാദം നൽകിയിരുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍