മെർക്കലിനെതിരേ വീണ്ടും ആഞ്ഞടിച്ച് എർദോഗൻ
Monday, March 20, 2017 8:15 AM IST
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കൽ സ്വീകരിച്ചുവരുന്നത് നാസി നടപടികളെന്ന് തുർക്കി പ്രസിഡന്‍റ് എർദോഗാൻ. തുർക്കിയുടെ റാലി ജർമനിയിൽ നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘർഷങ്ങൾ കൂടുതൽ വഷളാക്കുന്നതാണ് എർദോഗന്‍റെ പ്രസ്താവന.

റാലി നിരോധിക്കപ്പെട്ട ശേഷം മൂന്നാം തവണയാണ് എർദോഗാൻ ജർമനിക്കെതിരേ പരസ്യമായി നാസി പരാമർശം നടത്തുന്നത്. ജർമനിയെ നാസികൾ എന്നു വിളിക്കുന്പോൾ യൂറോപ്പ് മുഴുവൻ അസ്വസ്ഥമാകുന്നത് എന്തിനാണെന്നും എർദോഗാൻ ചോദിക്കുന്നു.

എന്നാൽ, ജർമനി നാസി നടപടികൾ തന്നെയാണ് പിന്തുടർന്നുവരുന്നത്. ജർമനിയിലെ തുർക്കി പൗരൻമാർക്കും അവിടെ പോയ തുർക്കി മന്ത്രിമാർക്കും അതാണ് നേരിടേണ്ടി വന്നതെന്നും എർദോഗൻ പറഞ്ഞു.

തുർക്കിക്കെതിരായ നിലപാടുകളിൽ പുതിയൊരു അധ്യായം തുറന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനായതെന്നും അദ്ദേഹം പരിഭവിക്കുന്നു.

ഇതിനിടെ, തുർക്കിയിലെ സർക്കാർ വിരുദ്ധ വിഭാഗമായ കുർദുകൾക്ക് ഫ്രാങ്ക്ഫർട്ടിൽ റാലി നടത്താൻ ജർമനി അനുമതി നൽകിയതും തുർക്കിയെ ചൊടിപ്പിക്കുന്നു. മുപ്പതിനായിരത്തോളം പേർ റാലിയിൽ പങ്കെടുക്കുകയും എർദോഗന്‍റെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ