നാറ്റോയിലേക്കുള്ള പ്രതിരോധ വിഹിതം കണക്കാക്കുന്ന രീതി മാറ്റണം: ജർമനി
ബെർലിൻ: നാറ്റോ അംഗ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റിനു നീക്കി വയ്ക്കുന്ന പദ്ധതി വിഹിതവും നാറ്റോയിലേക്ക് ഈയിനത്തിലുള്ള സംഭാവനയും കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ജർമൻ പ്രതിരോധ മന്ത്രി ഉർസുല വോൻഡെർ ലെയൻ.

2024 ആകുന്നതോടെ നാറ്റോ അംഗരാജ്യങ്ങളെല്ലാം ബജറ്റിൽ പ്രതിരോധ മേഖലയ്ക്കു നീക്കി വയ്ക്കുന്ന തുക ജിഡിപിയുടെ രണ്ടു ശതമാനമായി ഉയർത്തണമെന്ന് യുഎസ് നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. യൂറോപ്യൻ രാജ്യങ്ങളുടെ സംഭാവന ആനുപാതികമായി കുറഞ്ഞിരിക്കുന്നതിനാൽ തീവ്രവാദ പ്രവർത്തനങ്ങളെ നേരിടുന്നതു പോലുള്ള ആവശ്യങ്ങൾക്ക് മതിയായ പണം കിട്ടുന്നില്ലെന്നും സിംഹഭാഗം സംഭാവന ചെയ്യുന്ന രീതി തങ്ങൾക്കു തുടരാനാവില്ലെന്നുമാണ് യുഎസ് പറയുന്നത്.

എന്നാൽ, സംഭാവനയും ബജറ്റ് വിഹിതവും കണക്കാക്കുന്നതിലെ പ്രശ്നമാണ് ഇത്തരം പരാതികളെന്നാണ് ഉർസുലയുടെ വാദം. ജർമൻ ചാൻസലർ ആംഗല മെർക്കലും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ആദ്യ ഒൗദ്യോഗിക കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് ഇവരുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

ജർമനി നാറ്റോയ്ക്ക് കടക്കാരല്ല: പ്രതിരോധ മന്ത്രി ഫൊണ്‍ ഡെർ ലയൻ

നാറ്റോ ഫണ്ടിംഗ് സംബന്ധിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരോപണങ്ങൾ ജർമൻ പ്രതിരോധ മന്ത്രി ഉർസുല വോൻഡെർലെയൻ രൂക്ഷമായ ഭാഷയിൽ നിരാകരിച്ചു. ജർമനി നാറ്റോയ്ക്ക് ഒന്നും കൊടുക്കാൻ ബാക്കിയില്ലെന്ന് ഉർസുല വ്യക്തമാക്കി.

നാറ്റോയ്ക്ക് ബെർലിൻ വൻതുക നൽകാനുള്ളതായും വാഷിംഗ്ടണിന് ഈ തുക തിരിച്ചുകിട്ടണമെന്നുമായിരുന്നു ട്രംപിന്‍റെ പരാമർശം. എന്നാൽ, ഇത്തരത്തിൽ കടം രേഖപ്പെടുത്തിയ അക്കൗണ്ടുകളൊന്നും നാറ്റോയ്ക്ക് ഇല്ലെന്നാണ് ഉർസുല പറയുന്നത്. ആംഗല മെർക്കലിന്‍റെ ഏറ്റവുമടുത്ത അനുയായികളിലൊരാളാണ് ഉർസുല.

ജർമനിയുടെ സൈനിക സംഭാവനകളെ പണത്തിന്‍റെ തോതിൽ മാത്രമല്ല അളക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെ ട്രംപ് ഉന്നയിച്ച ആരോപണങ്ങൾക്കാണ് ഉർസുല മറുപടി നൽകിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ