മാർട്ടിൻ ഷുൾസ് എസ്പിഡി അധ്യക്ഷൻ
Monday, March 20, 2017 8:21 AM IST
ബെർലിൻ: ജർമനിയിലെ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാർട്ടി (എസ്പിഡി)അധ്യക്ഷനായി മാർട്ടിൻ ഷുൾസ്(61) തെരഞ്ഞെടുക്കപ്പെട്ടു. ബെർലിനിൽ കൂടിയ പാർട്ടിയുടെ അസാധാരണ യോഗത്തിലാണ് ഷുൾസ് തെരഞ്ഞെടുക്കപ്പെട്ടത്. 99 ശതമാനം വോട്ടുനേടിയാണ് ഷുൾസ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ പാർട്ടി പ്രസിഡന്‍റ് സിഗ്മാർ ഗാബ്രിയേൽ അധ്യക്ഷപദവി ഒഴിഞ്ഞ സ്ഥാനത്തേയ്ക്കാണ് ഷുൾസിനെ തെരഞ്ഞെടുത്തത്. 150 വർഷം പഴക്കുള്ള പാർട്ടിയാണ് എസ്പിഡി.

സെപ്റ്റംബർ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മെർക്കലിനെതിരെ ചാൻസലർ സ്ഥാനാർഥിയായി പാർട്ടി നിയോഗിച്ച ഷുൾസിന്‍റെ ജർമൻ രാഷ്ട്രീയത്തിലേയ്ക്കുള്ള വരവ് സോഷ്യലിസ്റ്റുകൾക്ക് ഏറെ ഉണർവേകിയിരിക്കുകയാണ്. ഷുൾസാണ് ഇപ്പോൾ ജർമനിയിലെ ഏവരുടെയും ആകർഷണകേന്ദ്രം. യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റ് പദവി രാജിവച്ചശേഷമാണ് ഷുൾസ് ജർമൻ തട്ടകത്തിലേയ്ക്കു അങ്കത്തിനെത്തിയത്.

പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം പാർട്ടിയുടെ ഒൗദ്യോഗിക ചാൻസലർ സ്ഥാനാർഥിയായി ഷുൾസിനെ പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലത്തെ അഭിപ്രായ സർവേയിൽ ചാൻസലർ മെർക്കലിനെക്കാൾ മുൻതൂക്കം ഷുൾസിനാണ്.

തീവ്ര ദേശീയതയ്ക്കെതിരേ പോരാടും: ഷൂൾസ്

ബെർലിൻ: തന്‍റെ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ തീവ്ര ദേശീയതയ്ക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്ന് എസ്പിഡിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി മാർട്ടിൻ ഷൂൾസ്. എസ്പിഡി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോവിരുദ്ധരെയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വംശീയ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു.

2013 മുതൽ ജർമനിയിലെ ഭരണസഖ്യത്തിൽ പങ്കാളികളാണ് എസ്പിഡി. മെർക്കലിനു പറ്റിയ എതിരാളിയാകാൻ യൂറോപ്യൻ പാർലമെന്‍റ് പ്രസിഡന്‍റായിരുന്ന ഷൂൾസിനു സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. അഭിപ്രായ വോട്ടെടുപ്പുകളിൽ എസ്പിഡി മെർക്കലിന്‍റെ സിഡിയുവിനെക്കാൾ പിന്നിലാണെങ്കിലും ഷൂൾസ് മെർക്കലിനെക്കാൾ ലീഡ് നേടിയട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ