ജർമനിയിൽ ട്രംപ് വിരുദ്ധതയുമായി ഷൂൾസ്
Tuesday, March 21, 2017 8:13 AM IST
ബെർലിൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വംശീയ തന്ത്രങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് മാർട്ടൻ ഷൂൾസ്. ജർമനിയിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ചാൻസലർ സ്ഥാനാർഥിയായി ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.

ഏകകണ്ഠമായാണ് ഷൂൾസിനെ പാർട്ടി നേതാവായി തെരഞ്ഞെടുത്തത്. യൂറോപ്യൻ യൂണിയൻ പ്രസിഡന്‍റായിരുന്ന അദ്ദേഹത്തെ, പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ച സിഗ്മർ ഗബ്രിയേൽ തന്‍റെ സ്ഥാനത്തേയ്ക്ക് നിയോഗിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നു.

നിലവിൽ ആംഗല മെർക്കലിനെക്കാൾ ജനപ്രീതി അദ്ദേഹത്തിനുള്ളതായി അഭിപ്രായ സർവേകളിൽ വ്യക്തമാകുന്നു. എന്നാൽ, മെർക്കലിന്‍റെ സിഡിയു തന്നെയാണ് പാർട്ടികളുടെ കാര്യത്തിൽ ഇപ്പോഴും എസ്പിഡിയെക്കാൾ നേരിയ മുൻതൂക്കം നിലനിർത്തുന്നത്.

ഷൂൾസിന്‍റെ ബാല്യം സംബന്ധിച്ച ഒരു കൗതുകം കൂടി ഇതിനിടെ പുറത്തുവന്നു. അദ്ദേഹം ഫൈനൽ പരീക്ഷയെഴുതാതെ സ്കൂൾ പഠനം അവസാനിപ്പിക്കുകയായിരുന്നത്രെ. അമിത മദ്യപാനമായിരുന്നു കാരണം. കഠിനാധ്വാനത്തിലൂടെയാണ് പിന്നീട് ഈ പ്രശ്നത്തെ അതിജീവിച്ചത്. പിന്നീട് പുസ്തക വില്പനയിലൂടെയും രാഷ്ട്രീയത്തിലൂടെയും ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു.

പ്രൊഫഷണൽ ഫുട്ബോൾ താരമാകുന്നതിന്‍റെ അടുത്തുവരെയെത്തിയ ഒരു കാലവും അദ്ദേഹത്തിനുണ്ടായിരുന്നു. കളിക്കിടെയുണ്ടായ ഗുരുതരമായ പരിക്കാണ് അതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ