ഫാ. റ്റോമി കളത്തൂരിനെ വിവിധ നേതാക്കൾ സന്ദർശിച്ചു
Wednesday, March 22, 2017 5:35 AM IST
മെൽബണ്‍: മെൽബണിലെ ഫോക്കനാർ സെന്‍റ് മാത്യൂസ് പള്ളിയിൽ മാർച്ച് 11ന് വിശുദ്ധ കുർബാനക്കെത്തിയ അക്രമിയുടെ കുത്തേറ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന ഫാ. റ്റോമി കളത്തൂരിനെ വിവിധ മേഖലകളിലെ പ്രതിനിധികൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി മെൽബണിലെ ബന്ധുവിന്‍റെ വീട്ടിൽ വിശ്രമിക്കുന്ന ഫാ. റ്റോമി കളത്തൂരിനെ മെൽബണ്‍ അതിരൂപത ആർച്ച്ബിഷപ് മാർ ഡെന്നിസ് ഹാർട്ട്, മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, മറ്റ് പുരോഹിതർ തുടങ്ങിയവർ നേരിൽ കണ്ടും ഫോണിൽ വിളിച്ചും ആശ്വാസവചനങ്ങൾ പകർന്നു.

മെൽബണിൽ ഫാ. റ്റോമി കളത്തൂരിനുനേരെ നടന്ന ആകമണം മലയാളി കമ്യൂണിറ്റിയിൽ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്. ഒരു വൈദികന് നേരെ ആദ്യമായിട്ടാണ് ഇതുപോലെയുള്ള ഒരു അക്രമണം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ മലയാളി കമ്യൂണിറ്റിക്ക് ആകുലതയും ഉണ്ട്.

ഫാ. റ്റോമി കളത്തൂരിനുനേരെ നടന്ന ആക്രമണത്തിൽ മെൽബണിലേയും കേരളത്തിലേയും മാധ്യമങ്ങൾ നൽകിയ പ്രാധാന്യത്തിന് ഫാ. റ്റോമി കളത്തൂർ നന്ദി പറഞ്ഞു. മെൽബണിലെ ഇന്ത്യൻ കോണ്‍സിലേറ്റിന്‍റെ പൂർണപിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.

കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസ് കെ. മാണി എംപി. മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവർ ഫോണിലൂടെ ഫാ. റ്റോമി കളത്തൂരിനോട് ക്ഷേമാന്വേഷണം നടത്തി. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്‍റ് മാധ്യമ പ്രവർത്തകനുമായ റെജി പാറയ്ക്കൻ, കോട്ടയം മെട്രോ ക്ലബിന്‍റെ സ്ഥിരാംഗം ഫിലിപ്പ് കന്പക്കാലുങ്കൽ, റ്റോമി നെടുംതുരുത്തി, വിവിധ മലയാളി അസോസിയേഷനുകളുടെ ഭാരവാഹികൾ തുടങ്ങി നിരവധി പേർ ഫാ. റ്റോമി കളത്തൂരിനെ സന്ദർശിച്ചു. ആക്രമണത്തെ തുടർന്ന് തനിക്കുവേണ്ടി പ്രാർഥിച്ച മുഴുവൻ വിശ്വാസികൾക്കും വിക്ടോറിയ പോലീസിനും ഇടവകാംഗങ്ങൾക്കും ഫാ. റ്റോമി കളത്തൂർ നന്ദി അറിയിച്ചു.