ജർമനിയിൽ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
Wednesday, March 22, 2017 8:17 AM IST
ബെർലിൻ: ജർമനിയിലെ ഡോർട്ട്മുണ്ടിൽ റെയൽവേ സ്റ്റേഷനിലുള്ള ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് യാത്രക്കാരൻ മരിച്ചു. പുലർച്ചെ 4.20ന് വൻ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. മെഷീൻ പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റയാളെ രക്ഷിക്കാൻ എമർജൻസി മെഡിക് സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതുമായി ബന്ധപ്പെട്ട് ഒരു ഇരുപത്താറുകാരനെ പോലീസ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. മുപ്പത്തൊന്നുകാരനാണ് സ്ഫോടനത്തിൽ മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇരുപത്താറുകാരനെയാണ് ചോദ്യം ചെയ്തത്.

താൻ മദ്യപാനത്തിനിടെയാണ് മരിച്ചയാളുമായി പരിചയപ്പെട്ടതെന്നും സ്ഫോടനം നടന്നപ്പോൾ സഹായം അഭ്യർഥിച്ചത് താനായിരുന്നുവെന്നുമാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.

സ്ഫോടനത്തെത്തുടർന്ന് ഡോർട്ട്മുണ്ടിനും ഹാമിനുമിടയിൽ മണിക്കൂറുകളോളം റെയിൽ ഗതാഗതം തടസപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ