അമേരിക്ക വീസക്ക് നിയന്ത്രണം കൊണ്ടുവരുന്നു
Friday, March 24, 2017 5:56 AM IST
ഫ്രാങ്ക്ഫർട്ട്: അമേരിക്കൻ വീസ ലോകമെന്പാടും കർശനമാക്കുന്നതായി ഫ്രാങ്ക്ഫർട്ടിലെ അമേരിക്കൻ കോണ്‍സുലേറ്റ് വീസ സെക്ഷൻ അറിയിച്ചു. എന്നാൽ കർശന വീസ വ്യവസ്ഥകൾക്ക് 38 രാജ്യങ്ങൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ജർമനി, ജപ്പാൻ, ഓസ്ട്രേലിയ, സൗത്ത് കൊറിയ, മറ്റ് ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ജർമനി, ഇളവിൽ വരുന്ന മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുള്ളവർ എന്നിവർക്ക് വീസ വേവറിൽ മുൻകൂർ അനുവാദത്തോടെ അമേരിക്കൻ യാത്രകൾ നടത്താം.

മറ്റു രാജ്യക്കാരുടെ എല്ലാ വീസ അപേക്ഷകളും കർശന നിയന്ത്രണത്തിന് വിധേയമാക്കും. കഴിഞ്ഞ 15 വർഷത്തെ ജോലി സംബന്ധമായ വിവരങ്ങൾ, ഇ മെയിൽ വിലാസങ്ങൾ, ടെലിഫോണ്‍ നന്പരുകൾ, സോഷ്യൽ മീഡിയ വിലാസങ്ങൾ എന്നിവ നൽകണം. നൽകിയ വിവരങ്ങൾ പരിശോധനക്ക് വിധേയമാക്കും. യൂറോപ്പിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും നിയന്ത്രണങ്ങൾ ബാധകമാണ്. കഴിഞ്ഞ വർഷം 10 മില്യണ്‍ വീസകൾ അമേരിക്ക നൽകിയിരുന്നു. ഇതിലും വലിയ കുറവുണ്ടാകുമെന്ന് അമേരിക്കൻ കോണ്‍സുലേറ്റ് വീസ സെക്ഷൻ അറിയിച്ചു.

റിപ്പോർട്ട്: ജോർജ് ജോണ്‍