യൂറോപ്പിൽ സമ്മർസമയം 26ന് പുലർച്ചെ ആരംഭിക്കും
Friday, March 24, 2017 8:04 AM IST
ബ്രൗണ്‍ഷ്വൈഗ്: യൂറോപ്പിൽ സമ്മർസമയം മാർച്ച് 26ന് (ഞായർ) പുലർച്ചെ ആരംഭിക്കും. ഒരു മണിക്കൂർ മുന്നോട്ട് മാറ്റിവച്ചാണ് സമ്മർ ടൈം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ രണ്ടു മണി എന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വർഷത്തിൽ മാർച്ചിലെ അവസാനത്തെ ഞായറാഴ്ച പുലർച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വർഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.

ജർമനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു.

1980 മുതലാണ് ജർമനിയിൽ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇപ്പോൾ സമയ മാറ്റം പ്രാവർത്തികമാണ്. അതുവഴി മധ്യയൂറോപ്യൻ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാൻ സഹായകമാകും. പകലിന് ദൈർഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം. (വൈകി നേരം ഇരുളുന്നതും നേരത്തെ വെളിച്ചം പടരുന്നതും)

ഇതുപോലെ വിന്‍റർ സമയവും ക്രമീകരിക്കാറുണ്ട്. വർഷത്തിലെ ഒക്ടോബർ അവസാനം വരുന്ന ഞായറാഴ്ച പുലർച്ചെ ഒരു മണിക്കൂർ പിറകോട്ടു മാറ്റിയാണ് വിന്‍റർ ടൈം ക്രമപ്പെടുത്തുന്നത്. സമ്മർടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ ജോലി കുറച്ചു ചെയ്താൽ മതി. പക്ഷെ വിന്‍റർ ടൈം മാറുന്ന ദിനത്തിൽ രാത്രി ജോലിക്കാർക്ക് ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തിൽ വകയിരുത്തും. രാത്രിയിൽ നടത്തുന്ന ട്രെയിൻ സർവീസിലെ സമയമാറ്റ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി ചെയ്യുന്നത്.

സമ്മറിൽ ജർമൻ സമയവും ഇന്ത്യൻ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും വിന്‍റർടൈമിൽ നാലര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലാണെങ്കിലും ജർമൻ സമയവുമായി ഒരു മണിക്കൂർ പുറകിലായിരിക്കും.

സമയമാറ്റത്തെ യൂറോപ്യൻ ജനത തികച്ചും അർഥശൂന്യമായിട്ടാണ് ഇപ്പോൾ കാണുന്നതെങ്കിലും ആധികാരികമായി ഇതിനൊരു പരിഹാരം യൂറോപ്യൻ യൂണിയന്‍റെ ഭാഗത്തു നിന്നോ യൂറോപ്പിലെ മറ്റു ഏതെങ്കിലും രാജ്യത്തു നിന്നോ ഇതുവരെ ഉണ്ടാകാത്തതുകൊണ്ട് ഒരു കീഴ്വഴക്കംപോലെ തുടരുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ