സംസ്ഥാന ടൂറിസം രംഗത്തിനു പിന്തുണയുമായി യുക്മ ടൂറിസം ക്ലബ്- ടിറ്റോ തോമസ് വൈസ് ചെയർമാൻ
Sunday, March 26, 2017 3:08 AM IST
ലണ്ടൻ: കേരള സംസ്ഥാനത്തിന്‍റെ ടൂറിസം വികസനത്തിനു കരുത്തു പകരുന്നതിനു വിവിധ പദ്ധതികളുമായി യുക്മ സജീവമാകുന്നു. ആഗോളപ്രവാസി മലയാളി സമൂഹത്തിൽ തന്നെ സംഘടനകളുടെ കൂട്ടായ്മ എന്ന നിലയിൽ ശ്രദ്ധേയവും മാതൃകാപരവുമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന യുക്മ വളരെയേറെ പ്രതീക്ഷകളോടെയാണ് പിറന്ന നാടിന്‍റെ വികസന സ്വപ്നങ്ങൾക്കു കരുത്ത് പകരുന്നതിനുള്ള നിരവധി പദ്ധതികളുമായി ടൂറിസം ക്ലബ് സജീവമാക്കുന്നതിനു ലക്ഷ്യമിടുന്നത്. മുൻ ഭരണസമിതികളുടെ കാലഘട്ടങ്ങളിൽ ഇതിനായുള്ള പ്രാരംഭനടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ഏറെ മുന്നോട്ട് പോകുവാനായില്ല. എന്നാൽ പുതിയ ഭരണസമിതിയുടെ ആദ്യനിർവാഹക സമിതി യോഗം ’യുക്മ കേരളാ ടൂറിസം പ്രമോഷൻ ക്ലബ്ബ്’ ഈ വർഷം തന്നെ സജീവമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി തീരുമാനമെടുത്തിരുന്നു.

ടിറ്റോ തോമസിനെ (ഓക്സ്ഫോർഡ് മലയാളി സമാജം) ടൂറിസം ക്ലബ് വൈസ് ചെയർമാനായി യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് പ്രഖ്യാപിച്ചതായി ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു. യുക്മയുടെ ആരംഭകാലഘട്ടം മുതൽ ടിറ്റോ തോമസ് ദേശീയ നേതൃരംഗത്ത് പ്രവർത്തിച്ച് വരുന്നതാണ്. ദേശീയ നിർവാഹക സമിതിയംഗം, ജോയിന്‍റ് സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തനമികവ് തെളിയിച്ചിട്ടുള്ള അദ്ദേഹം യുക്മ നടത്തിയിട്ടുള്ള നിരവധി പരിപാടികളുടെ വിജയകരമായ നടത്തിപ്പിലൂടെ മികച്ച സംഘാടകനായും അറിയപ്പെടുന്നു.

വിവിധ ലോകരാഷ്ട്രങ്ങളിൽ നിന്നും കേരളം സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ കണക്കെടുത്താൽ ബ്രിട്ടണ്‍ മുൻനിരയിൽ തന്നെയുള്ള രാജ്യമാണ്. ഈ സാഹചര്യത്തിൽ ബ്രിട്ടണിലെ ആളുകൾക്കിടയിൽ കേരളത്തെ പറ്റിയും അവിടുത്തെ വിവിധ വിനോദസഞ്ചാര സാധ്യതകളെപ്പറ്റിയും കൂടുതൽ സന്ദേശമെത്തിക്കുന്നതിനു സാധിച്ചാൽ അത് സംസ്ഥാനത്തിന്‍റെ ടൂറിസം വികസനത്തിനു കൂടുതൽ സഹായകരമായി മാറും. സംസ്ഥാനത്തിന്‍റെ ടൂറിസം വികസന സാധ്യതകൾക്ക് കൂടുതൽ അവസരം ഒരുക്കുന്നതിനോടൊപ്പം ഈ രംഗത്ത് പ്രവർത്തിക്കുന്നതും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരുമായ ബ്രിട്ടണിലെ പ്രവാസി മലയാളികൾക്കും ഏറെ പ്രയോജനകരമായ പദ്ധതികളാണ് ’ടൂറിസം ക്ലബ്’ കൊണ്ട് യുക്മ ലക്ഷ്യമിടുന്നത്. യുക്മയുടെ മറ്റ് പോഷകസംഘടനകൾ പോലെ തന്നെ അംഗ അസോസിയേഷനുകളിലും അതിന് പുറമെയുള്ള എല്ലാ യു.കെ മലയാളികൾക്കും സഹകരിച്ച് പ്രവർത്തിക്കാവുന്ന ഒരു സംരംഭമായിരിക്കും ’ടൂറിസം ക്ലബ്’. പ്രധാനമായും യു.കെ മലയാളികൾക്കിടയിലെ ടൂർ ആന്‍റ് ട്രാവൽ, ഹോട്ടൽ ബിസിനസ് രംഗത്തുള്ളവരേയും ഹോസ്പിറ്റാലിറ്റി, ടാക്സി മേഖലകളിൽ ജോലി ചെയ്യുന്നവരെയും സഹകരിപ്പിച്ചു വിവിധ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനാണ് പദ്ധതിയിടുന്നത്. ബ്രിട്ടണിലെ പ്രധാന പട്ടണങ്ങളിലെല്ലാം തന്നെ കേരളത്തെ തദ്ദേശവാസികൾക്ക് പരിചയപ്പെടുത്തുന്ന തരത്തിലുള്ള പ്രമോഷൻ പ്രോഗ്രാമുകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നതായിരിക്കും. ആദ്യ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ചുരുങ്ങിയത് അഞ്ചു പട്ടണങ്ങളിലെങ്കിലും പ്രമോഷൻ പ്രോഗ്രാമുകൾ നടത്തും. അഞ്ചു വർഷത്തിനുള്ളിൽ പ്രതിവർഷം 100 കൗണ്‍സിലുകളിലെങ്കിലും കേരളാ പ്രമോഷൻ പ്രോഗ്രാമുകൾ നടത്തുന്നതിനാണ് ’ടൂറിസം ക്ലബ്ബ്’ ലക്ഷ്യമിടുന്നത്.

നിലവിൽ കേരളത്തിന്‍റെ ടൂറിസം പ്രമോഷൻ പ്രോഗ്രാമുകൾ നടക്കുന്നത് ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർട്ട് പോലെയുള്ള പരിപാടികളിൽ മാത്രമാണ്. ഓരോ പട്ടണത്തിലും പ്രത്യേകം ടൂറിസം പ്രമോഷൻ സംഘടിപ്പിക്കുന്നതിനു വൻസാന്പത്തിക ചെലവ് വരുമെന്നുള്ളതും സംസ്ഥാന ടൂറിസം വകുപ്പിനെ കൂടുതൽ നഗരങ്ങളിൽ സ്വന്തം നിലയ്ക്ക് പ്രമോഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിൽ നിന്നും പിന്നോട്ട് വലിയ്ക്കുന്നു. സ്വന്തമായ നിലയിൽ പ്രമോഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത് വലിയ സാന്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തുമെന്നതു കൊണ്ട് ബ്രിട്ടണിലെ കൗണ്‍സിലുകൾ എല്ലാ വർഷവും നടത്തി വരുന്ന കാർണിവലുകളുമായി ബന്ധപ്പെട്ടായിരിക്കും ഓരോ പ്രദേശത്തും പ്രമോഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. അതത് പ്രദേശങ്ങളിലെ മലയാളി അസോസിയേഷനുകൾക്കാവും കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് ഇതിനായി അനുമതി വാങ്ങുന്നതിനുള്ള ചുമതല നൽകുന്നത്. കേരളത്തിലേയ്ക്കുള്ള ടൂറിസം പാക്കേജുകളെപ്പറ്റി വ്യക്തമാക്കുന്നതിനു വേണ്ടി ട്രാവൽ ആന്‍റ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന മലയാളി സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും. എല്ലാ കാർണിവലുകളിലും തന്നെ കേരളത്തിന്‍റെ തനതായ ഭക്ഷ്യവിഭവങ്ങൾ തദ്ദേശീയർക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടി ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ സേവനവും ലഭ്യമാക്കും.

സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളാവും ഉണ്ടാവുന്നത്. ഓരോ കൗണ്‍സിലിലും നടത്തപ്പെടുന്ന ടൂറിസം പ്രമോഷൻ പ്രോഗ്രാമുകൾക്കും സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സാങ്കേതിക സഹായം ലഭ്യമാക്കും. എന്നാൽ സംസ്ഥാന ടൂറിസം വകുപ്പിനു യാതൊരു വിധത്തിലുള്ള സാന്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കാതെയുള്ള പദ്ധതിയാവും യുക്മ നടത്തുന്നത്. ബ്രിട്ടണിൽ നിന്നു തന്നെയുള്ള സ്പോണ്‍ഷിപ്പിലൂടെയാവും ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. കൗണ്‍സിലുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കാർണിവലുകളിൽ കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകൾ നീണ്ട പാരന്പര്യവും കലാരൂപങ്ങളും മറ്റും തദ്ദേശവാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനു ആവശ്യമായ സ്റ്റാളുകൾ ഒരുക്കും. സംസ്ഥാനത്തെ വിനോദ സഞ്ചാരത്തിന്‍റെ വിവിധ മേഖലകളായ പ്രകൃതി ടൂറിസം, പരിസ്ഥിതി, ആരോഗ്യം , ആയുർവേദം, പൈതൃകം, സാഹസിക ടൂറിസം എന്നീ മേഖലകളെ പറ്റി വിശദീകരിക്കാനുതകുന്ന തരത്തിലുള്ള ചിത്രങ്ങളും ബുക്ക് ലെറ്റുകളും ബ്രോഷറുകളും മറ്റും ലഭ്യമാക്കും. കാർണിവലിനോട് അനുബന്ധിച്ച് പലസ്ഥലങ്ങളിലും നടത്തപ്പെടുന്ന കലാസാംസ്ക്കാരിക പരിപാടികളിൽ കേരളീയമായ ഇനങ്ങൾ അവതരിപ്പിക്കുന്നതിനു വേണ്ടി മലയാളികൾക്ക് അവസരമുണ്ടാക്കും. നമ്മുടെ സ്വന്തം കലാരൂപങ്ങളായ തെയ്യം, കഥകളി എന്നിവ കൂടാതെ വിവിധ ക്ലാസ്സിക്കൽ നൃത്തങ്ങളും അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായും.

കൗണ്‍സിൽ കാർണിലവുകളിൽ ’ടൂറിസം ക്ലബ്’ ഒരുക്കുന്ന പ്രമോഷൻ പ്രോഗ്രാമുകളിൽ നാട്ടിൽ നിന്നുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ടൂറിസം പാക്കേജുകൾ നൽകുന്ന സ്ഥാപനങ്ങൾക്കുമെല്ലാം വിവിധ സ്ഥലങ്ങളിലായി സ്റ്റാളുകളിൽ പങ്കെടുക്കുന്നതിനായി അവസരം സൃഷ്ടിക്കുന്നതിനു ശ്രമിക്കും. ആയുർവേദം ഉൾപ്പെടെയുള്ള സുഖചികിത്സകളുടെയും യോഗയുടെയും ഗുണങ്ങൾ വിശദീകരിക്കുന്നതിനും മറ്റും ശ്രമങ്ങൾ ഉണ്ടാവും. ഇതിനായി ബ്രിട്ടണിലെ മലയാളി ട്രാവൽ- ടൂർ ഓപ്പറേറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ സഹായമാവും തേടുന്നത്. പരന്പരാഗത കേരള വിഭവങ്ങൾ വിളന്പുന്ന ഫുഡ് കോർട്ടുകൾ നടത്തുന്നതിനു മലയാളി റസ്റ്റോറന്‍റുകളുടെ സഹായവും തേടും.

സംസ്ഥാനത്തിന്‍റെ ടൂറിസം വികസനത്തോടൊപ്പം തന്നെ ബ്രിട്ടണിലെ മലയാളികൾക്കും ഏറെ സഹായകരമാകുന്ന ഒരു പദ്ധതിയായി ഇതുമാറുമെന്ന പ്രതീക്ഷയാണ് യുക്മയ്ക്കുള്ളത്. ഓരോ കൗണ്‍സിലിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതു വഴി തദ്ദേശീയരുമായുള്ള നമ്മുടെ ബന്ധം ഉൗട്ടി ഉറപ്പിക്കുന്നതിനും ബ്രിട്ടണിലെ സാമൂഹിക രംഗത്ത് മലയാളികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ഈ വർഷം തന്നെ ഒൗദ്യോഗികമായ ഉദ്ഘാടനവും ആദ്യ പ്രമോഷൻ പ്രോഗ്രാമും നടത്തുന്നതാണ്. ’യുക്മ കേരളാ ടൂറിസം പ്രമോഷൻ ക്ലബ്’ പ്രവർത്തനങ്ങൾ സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നതിന് ബ്രിട്ടണിലെ കുടിയേറ്റ മലയാളി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉപദേശക സമിതിയും പ്രവർത്തനത്തിനായി പ്രത്യേക കമ്മറ്റിയും രൂപീകരിക്കുന്നതിനും ടിറ്റോ തോമസിനെ ചുമതല ഏല്പിച്ചുവെന്നും ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു.

ടൂറിസം ക്ലബ്ബുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നു താല്പര്യമുള്ളവർ വിശദവിവരങ്ങൾക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കോ, വൈസ് ചെയർമാൻ ടിറ്റോ തോമസിനെ നേരിട്ടോ (07723956930) ബന്ധപ്പെടേണ്ടതാണ്. സജീഷ് ടോം (യുക്മ പിആർഒ) അറിയിച്ചതാണിത്.