ഐഎഎസുകാരനെ ഗ്രാമീണർ ചുമന്ന സംഭവത്തിൽ അന്വേഷണം
Thursday, March 30, 2017 5:45 AM IST
ബംഗളൂരു: മലിനജലം കലർന്ന കുടിവെള്ള സംഭരണി സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥനെ ഗ്രാമവാസികൾ ചുമന്നുകൊണ്ടുപോയ സംഭവത്തിൽ അന്വേഷണം. വിഷയം പ്രതിപക്ഷപാർട്ടികൾ ഉയർത്തിയ സാഹചര്യത്തിൽ നിയമസഭാ സ്പീക്കർ കെ.ബി. കോലിവാദ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥനെതിരേ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

റായ്ച്ചൂർ ജില്ലാ പഞ്ചായത്ത് സിഇഒ കുർമ റാവുവിനെ കൈകളിലേറ്റി ബുർദിപാദ ഗ്രാമവാസികൾ ചെളിവെള്ളത്തിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ പുറത്തുവിട്ടതോടെയാണ് വിവാദമായത്. സമൂഹമാധ്യമങ്ങളിലടക്കം സംഭവം വലിയ വിവാദമായി ഉയർന്നതോടെ ഉദ്യോഗസ്ഥനെതിരേ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. കുർമ റാവു അധികാര ദുർവിനിയോഗം നടത്തിയെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. സംഭവം ജനങ്ങളോടുള്ള അവഹേളനമാണെന്ന് റായ്ച്ചുർ എംഎൽഎ മനപ്പ സി. വജ്ജാൽ ആരോപിച്ചു.

എന്നാൽ, താൻ അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് കുർമ റാവു പറഞ്ഞു. താൻ വേണ്ടെ ന്നു പറഞ്ഞിട്ടും ഗ്രാമവാസികൾ നിർബന്ധപൂർവം ചുമക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.