എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; സ്വന്തം സ്കൂളിൽ പരീക്ഷയെഴുതാനാവില്ല
Thursday, March 30, 2017 5:45 AM IST
ബംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് 30 മുതൽ ആരംഭിച്ചു. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് ആക്ഷേപമുയർന്ന സാഹചര്യത്തിൽ ക്രമക്കേട് തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. ഈവർഷം മുതൽ, വിദ്യാർഥികൾക്ക് പഠിക്കുന്ന സ്കൂളിൽ പരീക്ഷയെഴുതാൻ അനുവദിക്കില്ല. കൂടാതെ അധ്യാപകർക്ക് സ്വന്തം സ്കൂളിലോ സ്വന്തം സ്കൂളിലെ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന കേന്ദ്രങ്ങളിലോ പരീക്ഷാജോലി ചെയ്യാൻ കഴിയില്ലെന്നും കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ പരീക്ഷാ ബോർഡ് നിർദേശം നല്കി.

നഗരപ്രദേശങ്ങളിൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ നിന്ന് ആറു കിലോമീറ്റർ ചുറ്റളവിനുള്ളിലും ഗ്രാമപ്രദേശങ്ങളിൽ പത്തു കിലോമീറ്ററിനുള്ളിലുമായിരിക്കണം പരീക്ഷാ കേന്ദ്രങ്ങളെന്ന് ബോർഡ് നിർദേശം നല്കിയിട്ടുണ്ട്. കോപ്പിയടിയുൾപ്പെടെയുള്ള ക്രമക്കേട് ഒഴിവാക്കാനാണ് പുതിയ നടപടി. ചില സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ക്രമക്കേട് നടത്താൻ അധ്യാപകർ കൂട്ടുനിൽക്കുന്നുവെന്ന് ആക്ഷേപമുയർന്നതോടെയാണ് നിയന്ത്രണം സഅധ്യാപകർക്കും ബാധകമാക്കിയത്.

സംസ്ഥാനത്ത് 2770 പരീക്ഷാകേന്ദ്രങ്ങളിലായി 8.77 ലക്ഷം വിദ്യാർഥികൾ ഈവർഷം എസ്എസ്എൽസി പരീക്ഷയെഴുതുന്നുണ്ട്.