ലോകയുദ്ധ കാലത്തെ ബോംബുകൾ കണ്ടെത്തി; ഹാനോവറിൽ ഒഴിപ്പിക്കൽ ഈസ്റ്റർ ദിനത്തിൽ
Thursday, March 30, 2017 8:13 AM IST
ബെർലിൻ: ലോവർ സാക്സണി സംസ്ഥാന തലസ്ഥാനമായ ഹാനോവറിൽ ലോകയുദ്ധ കാലത്തെ നിരവധി ബോംബുകൾ കണ്ടെത്തി. ഇവ നിർവീര്യമാക്കുന്നതിന്, ലോകയുദ്ധാനന്തര കാലഘട്ടത്തിൽ ജർമനി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടക്കാൻ പോകുന്നത്.

പരമാവധി സാങ്കേതിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ഈസ്റ്റർ ദിവസമായിരിക്കും ബോംബ് നിർവീര്യമാക്കുക. പ്രദേശത്തുള്ളവർക്കൊന്നും വീട്ടിൽ ഈസ്റ്റർ ആഘോഷിക്കാൻ കഴിയില്ലെന്നു ചുരുക്കം.

അഞ്ച് ലക്ഷത്തോളമാണ് ഹാനോവറിലെ ജനസംഖ്യ. ഇതിൽ അന്പതിനായിരത്തോളം പേരെ ഒഴിപ്പിക്കണമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഓഗ്സ്ബർഗിൽ ഇതുപോലെ അന്പതിനായിരത്തോളം പേരെ ഒഴിപ്പിച്ച് മറ്റൊരു കൂറ്റൻ ബോംബ് നിർവീര്യമാക്കിയിരുന്നു.

രണ്ടാംലോകമഹായുദ്ധകാലത്ത് ഉപയോഗിച്ച ബോംബുകളിൽ ഏതാണ്ട് 20,000 എണ്ണം ഇപ്പോഴും ജർമനിയുടെ മണ്ണിൽ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.

റിപ്പോർട്ട്: ജോസ് കന്പിളുവേലിൽ