തമിഴ്നാടിന് കാവേരി ജലം നല്കാനാവില്ലെന്ന് കർണാടക
Friday, March 31, 2017 4:17 AM IST
ബംഗളൂരു: കാവേരി നദിയിൽ നിന്ന് വെള്ളം നല്കണമെന്ന തമിഴ്നാടിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കർണാടക. ജലവിഭവമന്ത്രി എം.ബി. പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം രൂക്ഷമായ വരൾച്ചയെ നേരിടുന്ന സാഹചര്യത്തിൽ വെള്ളം വിട്ടുകൊടുക്കാനാവില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് പ്രഥമ പരിഗണന നല്കുന്നതെന്നും പ്രധാന കുടിവെള്ള സ്രോതസായ കാവേരിയിലെ ജലം കൃഷി ആവശ്യത്തിനായി വിട്ടുകൊടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും എം.ബി. പാട്ടീൽ പറഞ്ഞു. കാവേരി നദിയിൽ നിന്ന് 2000 ക്യൂസെക്സ് ജലം തമിഴ്നാടിന് നല്കാൻ 21ന് സുപ്രീം കോടതി കർണാടകയോട് നിർദേശിച്ചിരുന്നു.

ബംഗളൂരു, മൈസൂരു ജില്ലകൾക്ക് കുടിവെള്ളമെത്തിക്കുന്ന കെആർഎസ് അണക്കെട്ടിൽ നാല് ടിഎംസി ജലം മാത്രമാണുള്ളതെന്നും ഈ സാഹചര്യത്തിൽ, വെള്ളം വിട്ടുനല്കണമെന്ന കോടതിവിധി നടപ്പാക്കാൻ സർക്കാരിനു കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വരൾച്ചാ സ്ഥിതിഗതികളും കാവേരി നദിയിലെ ജലനിരപ്പിന്‍റെ അളവും സുപ്രീം കോടതിയെ അറിയിക്കും.