ഇന്ത്യയിൽ പ്രണയം ഭീകരാക്രമണത്തേക്കാൾ മാരകമെന്നു പഠന റിപ്പോര്‍ട്ട്
Monday, April 3, 2017 12:38 AM IST
ന്യൂഡൽഹി: ലോകത്ത് വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിൽ മരിക്കുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകൾ നമുക്കു മുന്നിലുണ്ട്. എന്നാൽ ഇന്ത്യയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. രാജ്യത്ത് ഭീകരാക്രമണത്തേക്കാൾ മാരകമാണ് പ്രണയം എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഒരു റിപ്പോർട്ട് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടു.

കഴിഞ്ഞ 15 വർഷത്തെ കണക്കെടുത്താൽ ഭീകരവാദത്തിൽ കൊല്ലപ്പെട്ടവരേക്കാൾ ആറിരട്ടിയിൽ അധികം ആളുകൾക്കാണ് പ്രണയത്തിന്‍റെ പേരിൽ ജീവൻ നഷ്ടമായത്. 2001നും 2015നും ഇടയിൽ രാജ്യത്ത് 38,585 പേർ പ്രണയത്തിന്‍റെ പേരിൽ കൊല്ലപ്പെട്ടു. 79,189 പേർ ജീവനൊടുക്കുകയും ചെയ്തു. ഇതേ കാലയളവിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത് 20,000 പേർക്കു മാത്രമാണ്. ഇതിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

പ്രണയബന്ധത്തിൽ ഉൾപ്പെട്ടതിന്‍റെ പേരിൽ 2.6 ലക്ഷം ആളുകളെയാണ് രാജ്യത്തു തട്ടിക്കൊണ്ടുപോയത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ സംഭവിച്ചതെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.