മലയാളം മിഷൻ ബംഗളൂരു അവലോകനയോഗം ഒന്പതിന്
Monday, April 3, 2017 6:39 AM IST
ബംഗളൂരു: കേരള സർക്കാർ സംരംഭമായ മലയാളം മിഷൻ ബംഗളൂരുവിന്‍റെ പ്രവർത്തനങ്ങളുടെ അവലോകനയോഗം ഈമാസം ഒന്പതിന് രാവിലെ 10:30ന് ഇന്ദിരാനഗർ 5വേ മെയിൻ 9വേ ക്രോസിലുള്ള കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ നടക്കും.

മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്, സംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, സാംസ്കാരിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ.സി.പി. പ്രമോദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ബംഗളൂരുവിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വിപുലീകരിക്കാനുമുള്ള ചർച്ചകൾ യോഗത്തിൽ നടക്കും. 2012 ൽ അധ്യാപക പരിശീലനത്തോടെയാണ് ബംഗളൂരുവിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ നടന്ന കണിക്കൊന്ന പരീക്ഷക്ക് ശേഷം ധാരാളം രക്ഷാകർത്താക്കളും കുട്ടികളും മലയാളം പഠിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട ്. തുടക്കത്തിൽ 403 പേരാണ് 28 പഠന കേന്ദ്രങ്ങളിലായി പേര് രജിസ്റ്റർ ചെയ്തിരുന്നത്. ഇപ്പോഴത് 47 പഠന കേന്ദ്രങ്ങളും 1,200 ൽ അധികം കുട്ടികളും ആയി വർധിച്ചിട്ടുണ്ട ്. ബംഗളൂരുവിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ 100 കേന്ദ്രങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

പുതിയ ഭരണസമിതി പ്രഫ. സുജ സൂസൻ ജോർജിന്‍റെ നേതൃത്വത്തിൽ ചാർജെടുത്ത ശേഷം ബംഗളൂരുവിൽ എഴുപതിലധികം പേരെ പങ്കെടുപ്പിച്ച് അധ്യാപക പരിശീലനം നടത്താനും പഠന കേന്ദ്രങ്ങൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിക്കാനും സാധിച്ചിട്ടുണ്ട ്. മലയാളം മിഷൻ പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണൻ, കോ-ഓർഡിനേറ്റർ പി.കെ. മുകുന്ദൻ, ചീഫ് അക്കാദമിക് കോ-ഓർഡിനേറ്റർ കെ. ദാമോദരൻ, സെക്രട്ടറി റജികുമാർ, വിവിധ സംഘടനാ ഭാരവാഹികൾ , മലയാളം മിഷൻ ഏരിയ കോ-ഓർഡിനേറ്റർമാർ, മലയാളം മിഷൻ അധ്യാപകർ എന്നിവരുടെ കൂട്ടായ്മയാണ് ബംഗളൂരുവിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.