പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ ഉത്തമ വിശ്വാസ ജീവിതം നയിക്കുന്നവർ ആയിരിക്കണം: മാർ ആന്‍റണി കരിയിൽ
Tuesday, April 4, 2017 5:33 AM IST
ബംഗളൂരു: പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ ഉത്തമവിശ്വാസജീവിതം നയിക്കുന്നവരും, ഉയർന്ന ധാർമ്മിക ചിന്തകൾ ഉള്ളവരും വിവേകമതികളും ആയിരിക്കണമെന്ന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ. ഹുളിമാവ് റീജണൽ പാസ്റ്ററൽ സെന്‍ററിൽ വിശാല മാണ്ഡ്യ രൂപതയുടെ പ്രഥമ പാസ്റ്ററൽ കൗണ്‍സിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മാർ ആന്‍റണി കരിയിൽ.

ചടങ്ങിൽ പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെ ദൗത്യങ്ങളും സഭയിൽ അവർക്കുള്ള ഉത്തരവാദിത്വങ്ങളെയുംകുറിച്ച് തലശേരി അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങപ്പള്ളി ക്ലാസ് എടുത്തു. മാണ്ഡ്യ രൂപതാ വികാരി ജനറാൾമാരായ മോണ്‍. ജോർജ് ആലുക്ക, റവ.ഡോ. മാത്യു കോയിക്കര സിഎംഐ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ പാസ്റ്ററൽ കൗണ്‍സിൽ വൈദിക സെക്രട്ടറിയായി ഫാ. ജോമോൻ കോലഞ്ചേരിയും അല്മായ സെക്രട്ടറിയായി ഡോ. മാത്യു മാന്പ്രയും തെരഞ്ഞെടുക്കപ്പെട്ടു. സെൻട്രൽ കമ്മറ്റിയിലേക്ക് ഫാ. റോയി വട്ടക്കുന്നേൽ സിഎംഎഫ്, ഫാ. ഡേവിസ് പാണാടൻ സിഎംഐ, ഫാ. ജോയി അറയ്ക്കൽ സിഎംഐ, സിസ്റ്റർ ജോയ്സ് മരിയ സിഎംസി, മാത്യു മാളിയേക്കൽ, വി. പി. ജെൻസണ്‍, കെ.ജെ. ജോണ്‍സണ്‍ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മാർ ആന്‍റണി കരിയിൽ ഉൾപ്പെടെ 28 വൈദികരും സന്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 28 അംഗങ്ങളും ഫൊറോനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ട അല്മായർ, ഭക്തസംഘടനകൾ, കമ്മീഷനുകൾ എന്നിവയുടെ പ്രതിനിധികളായ 49 പേരും ഉൾപ്പെടെ 105 അംഗങ്ങളാണ് പാസ്റ്ററൽ കൗണ്‍സിലിലുള്ളത്.