സ്ത്രീകൾക്ക് രാത്രിജോലി വിലക്ക്: പ്രതിഷേധമുയരുന്നു
Thursday, April 6, 2017 9:03 AM IST
ബംഗളൂരു: ഐടി, ബിടി മേഖലയിൽ സ്ത്രീകൾക്ക് രാത്രിജോലി വേണ്ടെ ന്ന നിയമസഭയുടെ വനിതാ-ശിശുക്ഷേമസമിതിയുടെ ശിപാർശയിൽ പ്രതിഷേധം പുകയുന്നു. രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് ഐടി മേഖലയിലെ ജീവനക്കാർ ആരോപിച്ചു. ശിപാർശ നടപ്പാക്കിയാൽ വനിതകൾക്ക് തൊഴിലവസരങ്ങൾ കുറയുമെന്ന് ഐടി കന്പനികളുടെ കൂട്ടായ്മയായ നാസ്കോം ചൂണ്ട ിക്കാട്ടി. എല്ലാ ജീവനക്കാർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്ന ഈ കാലഘട്ടത്തിൽ, രാത്രിയിൽ ജോലി ചെയ്യാൻ തയാറാകുന്ന സ്ത്രീകൾക്ക് അതിനുള്ള അനുവാദം നല്കുകയാണ് വേണ്ട തെന്നും ഐടി ജീവനക്കാർ പറയുന്നു. രാത്രിജോലിയിൽ നിന്നു മാറ്റിനിർത്തുന്നതിനു പകരം സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം സർക്കാർ നിറവേറ്റണമെന്നും അഭിപ്രായമുയർന്നു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങൾ കണക്കിലെടുത്ത് സുരക്ഷയെ മുൻനിർത്തിയാണ് സ്ത്രീകൾക്ക് രാത്രിജോലി വിലക്കി ശിപാർശ ചെയ്തത്. ഇക്കാര്യം അറിയിച്ച് കോണ്‍ഗ്രസ് എംഎൽഎ എൻ.എ. ഹാരിസ് അധ്യക്ഷനായ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സ്ത്രീസുരക്ഷയ്ക്കായി ഐടി, ബിടി കന്പനികൾ സ്ത്രീകളെ രാത്രിജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന് സമിതിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. നഗരത്തിലെ ഐടി കന്പനികളിലെ ജീവനക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിച്ചേർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.