നന്ദിനി പാലിന് വിലകൂടി
Saturday, April 8, 2017 8:21 AM IST
ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്‍റെ നന്ദിനി പാലിന് ഇന്നലെ മുതൽ വില കൂടി. ദക്ഷിണ കർണാടകയിൽ രണ്ട ും ഉത്തരകർണാടകയിലും തീരദേശമേഖലയിലും ഒരു രൂപയുമാണ് ലിറ്ററിന് കൂടിയത്. ബംഗളൂരു, മൈസൂരു, മാണ്ഡ്യ, കോലാർ, തുമകുരു, ഹാസൻ, ശിവമോഗ എന്നിവിടങ്ങളിൽ നന്ദിനി ടോണ്‍ഡ് പാലിന്‍റെ വില 33 രൂപയിൽ നിന്ന് 35 ആയി ഉയർന്നു. ഉത്തരകർണാടക ക്ഷീരോത്പാദക സംഘങ്ങളുടെ കീഴിലുള്ള ബെലാഗവി, റായ്ച്ചുർ- ബല്ലാരി, ദക്ഷിണ കന്നഡ മേഖലകളിൽ പാൽവില 34 രൂപയിൽ നിന്ന് 35 ആയി. ധർവാഡ്, ഗദഗ്, ഹാവേരി, ഉത്തരകന്നഡ, വിജയപുര, ബാഗൽകോട്ട് തുടങ്ങി വടക്കൻ ജില്ലകളിൽ വിൽക്കുന്ന നന്ദിനി ഹോമോജിനൈസ്ഡ് ടോണ്‍ഡ് പാലിന്‍റെ വില 35 രൂപയിൽ നിന്ന് 36 രൂപയായി. അതേസമയം, കാലാബുരാഗി, ബിദാർ, യാദ്ഗിർ എന്നിവിടങ്ങളിൽ ഇത് 36 രൂപയിൽ നിന്ന് 37 ലെത്തി. നന്ദിനി തൈരിന്‍റെ വിലയും സമാനമായ രീതിയിൽ ഉയർന്നു. 42 രൂപയാണ് ഒരു ലിറ്റർ തൈരിന്‍റെ വില.

കഴിഞ്ഞ രണ്ടു വർഷമായി വരൾച്ചയുടെ ദുരിതഫലം അനുഭവിക്കുന്ന ക്ഷീരകർഷകരെ സഹായിക്കാനാണ് പുതിയ നടപടിയെന്നാണ് കർണാടക മിൽക്ക് ഫെഡറേഷന്‍റെ വിശദീകരണം. സംസ്ഥാനത്തെ സ്വകാര്യ പാൽകന്പനികളുടെ വിലയുമായി താരതമ്യം ചെയ്യുന്പോൾ നന്ദിനിയുടെ വില വളരെ കുറവാണെന്ന് ഫെഡറേഷൻ മാർക്കറ്റിംഗ് ഡയറക്ടർ എം.ടി. കുൽക്കർണി പ്രസ്താവനയിൽ അറിയിച്ചു. ഗുജറാത്ത്, കേരളം, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ലിറ്ററിനു 40 രൂപയും ഡൽഹിയിൽ 42 രൂപയുമാണ് പാലിന്‍റെ വിലയെന്നും കുൽക്കർണി പറഞ്ഞു. അധികമുള്ള രണ്ടു രൂപയുടെ ഗുണഫലം കർഷകരിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം സംസ്ഥാനത്തെ ക്ഷീരോത്പാദക സംഘങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ വർഷം ജനുവരിയിലാണ് നന്ദിനി ഇതിനു മുന്പ് പാൽവില ഉയർത്തിയത്. അന്നു ലിറ്ററിന് നാലു രൂപയാണ് കൂട്ടിയത്.