ഉത്തര ഗുരുവായൂരപ്പൻ ലക്ഷദീപങ്ങളാൽ വിസ്മയക്കാഴ്ചയൊരുക്കി ഡൽഹി മലയാളികൾ
Monday, April 10, 2017 7:29 AM IST
ന്യൂഡൽഹി: യമുന നദിയിലെ കുഞ്ഞോളങ്ങൾ ഉത്തര ഗുരുവായൂരപ്പന്‍റെ പാദാരവിന്ദങ്ങളെ തഴുകുന്പോലെ മണ്‍ചെരാതുകളിലൊരുക്കിയ ദീപാങ്കുരങ്ങൾ കുളിർകാറ്റിൽ മിഴി ചിമ്മി. സിന്ദൂരമണിഞ്ഞ സായം സന്ധ്യ പൊൻപ്രഭയൊരുക്കി ഭക്തർക്ക് സ്വാഗതമരുളി. മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പ സന്നിധിയിലും ക്ഷേത്ര സമുച്ചയത്തിലും ലക്ഷദീപങ്ങളുടെ വിസ്മയക്കാഴ്ചയൊരുക്കുവാൻ നാടിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും ഭക്തസഹസ്രങ്ങൾ നേരത്തേതന്നെ ഒഴുകിയെത്തി. നിറദീപങ്ങളിൽ മുങ്ങി നിന്ന ക്ഷേത്രാങ്കണത്തിൽ അദ്ഭുത പൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.

പല ഡിസൈനുകളിലും രൂപഭാവങ്ങളിലുമൊക്കെ മണ്‍ചെരാതുകൾ ചേർത്തുവച്ച് ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും നേരത്തെ തന്നെ ദീപാർച്ചനക്കായി ഒരുക്കിയിരുന്നു. ദീപക്കാഴ്ച കാണുവാനും തിരി തെളിയിക്കുവാനും മലയാളികളെക്കൂടാതെ ഉത്തരേന്ത്യക്കാരുടെയും നീണ്ടനിര കാണാമായിരുന്നു.

അഞ്ചാം തവണയാണ് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ലക്ഷദീപാർച്ചന ഒരുക്കുന്നത്. ഇത്തവണത്തെ ദീപക്കാഴ്ചക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു, ശബരിഗിരീശനായ അയ്യപ്പസ്വാമിയുടെ ജ· നക്ഷത്രമായ പൈങ്കുനി ഉത്രം ആയിരുന്നു ഇന്നലെ. വൈകുന്നേരം ശ്രീകോവിൽ നടതുറന്ന ശേഷമായിരുന്നു ദീപാർച്ചനക്കു തുടക്കമിട്ടത്.

ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ക്ഷേത്ര ഭരണ സമിതിയായ ആർഷ ധർമ പരിക്ഷത് ഭാരവാഹികളും ഭക്തസമൂഹവും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പൈങ്കുനി ഉത്രത്തോടനുബന്ധിച്ച് രാത്രി വിഭവ സമൃദ്ധമായ അന്നദാനവും ഭക്ത സഹസ്രങ്ങൾക്കായി ഒരുക്കിയിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി