മാർപാപ്പ തടവുപുള്ളികളുടെ കാൽ കഴുകി
Saturday, April 15, 2017 8:31 AM IST
വത്തിക്കാൻസിറ്റി: പെസഹാ ആചരണത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ തടവുപുള്ളികളുടെ കാൽ കഴുകി. പാലിയാനോ ജയിലിലാണ് മാർപാപ്പ സന്ദർശനം നടത്തുകയും കാൽകഴുകൽ ശുശ്രൂഷ നടത്തുകയും ചെയ്തത്.

മാഫിയ പ്രവർത്തനങ്ങൾ നടത്തിയ അന്പതു പേരെയാണ് ഈ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. സർക്കാരിന്‍റെ മാഫിയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതു കണക്കിലെടുത്ത് ശിക്ഷാ കാലാവധിയിൽ ഇളവു ലഭിച്ചവരാണ് ഇവരെല്ലാം.

എല്ലാവർക്കും തെറ്റ് പറ്റാമെന്നും നമ്മൾ എല്ലാവരും എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിൽ തെറ്റ് ചെയ്തിട്ടുള്ളവരാണെന്നും ജയിലിലെ ശുശ്രൂഷയെ സംബന്ധിച്ച് മാർപാപ്പ പ്രതികരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ