മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ജൂണ്‍ 25 ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഒന്നിന്
Monday, April 17, 2017 4:33 AM IST
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് ജൂണ്‍ 25 ന് (ഞായർ) കൊടിയേറും. വൈകുന്നേരം അഞ്ചിന് ഇടവക വികാരി റവ. ഡോ.ലോനപ്പൻ അരങ്ങാശേരി യാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നടത്തുക. പ്രസിദേന്തി വാഴ്ചയും മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും തുടർന്ന് ഉത്പന്ന ലേലവും ഉണ്ടായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനക്കും നൊവേനയ്ക്കും ഫാ.തോമസ് തൈക്കൂട്ടത്തിൽ, ഫാ.നിക്കോളാസ് കേണ്‍, ഫാ.സജി മലയിൽപുത്തൻപുര, ഫാ. ജിനോ അരീക്കാട്ട്, റവ.ഡോ തോമസ് പറയടിയിൽ എന്നിവരും കാർമികരായിരിക്കും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ ഒന്നിന് (ശനി) നടക്കുന്ന തിരുനാൾ തിരുകർമങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും. വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലാണ് ആഘോഷങ്ങൾ നടക്കുക.

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാൽ നയിക്കുന്ന ഗാനമേളയാണ് ഇ വർഷത്തെ മുഖ്യ ആകർഷണം. വിഥിൻഷോ ഫോറം സെന്‍ററിൽ ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെയുള്ള ഗാനമേളയിൽ വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാർ സിംഗർ ഡോ. വാണിജയറാമും പങ്കെടുക്കും. യുകെയിലെ പ്രമുഖ ബാൻഡായ റെയിൻബോ രാഗസ് ആണ് ലൈവ് ഓർക്കസ്ട്ര ഒരുക്കുന്നത്.

ഇടവ വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികൾ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ