ആത്മവിശ്വാസത്തിൽ കോണ്‍ഗ്രസ്; തന്ത്രങ്ങൾ പാളി ബിജെപി
ബംഗളൂരു: നഞ്ചൻകോട്, ഗുണ്ട ൽപേട്ട് ഉപതെരഞ്ഞെടുപ്പുകളിലെ തിളക്കമാർന്ന ജയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് കുറച്ചൊന്നുമല്ല ആത്മവിശ്വാസം നല്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കൂടുതൽ കരുത്തോടെ നേരിടാൻ ഈ വിജയം സിദ്ധരാമയ്യയ്ക്കും സംഘത്തിനും സഹായകമാകും. ഇരുമണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് മേധാവിത്വം അടിവരയിട്ടുറപ്പിക്കുന്നതു കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തെ മുന്നേറ്റം അവസാനം വരെ നിലനിർത്താൻ കോണ്‍ഗ്രസിനായി.

വ്യക്തികളെയല്ല, പാർട്ടിയെയാണ് നഞ്ചൻകോട്ടെയും ഗുണ്ടൽപേട്ടിലെയും ജനങ്ങൾ പിന്തുണയ്ക്കുന്നതെന്ന് തെളിഞ്ഞു. ഇതു ശരിവയ്ക്കുന്നതാണ് നഞ്ചൻകോട്ടെ ശ്രീനിവാസപ്രസാദിന്‍റെ പരാജയം. സിദ്ധരാമയ്യയുമായി ഇടഞ്ഞ് ബിജെപിയിൽ ചേക്കേറിയ ശ്രീനിവാസ പ്രസാദ് മണ്ഡലത്തിൽ തനിക്കുള്ള പിന്തുണ വിജയത്തിലേക്കു നയിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ നഞ്ചൻകോട്ട് ശക്തമായ സ്വാധീനമുണ്ടായിരുന്ന ദളിത് നേതാവ് കൂടിയായ ശ്രീനിവാസ പ്രസാദ് കനത്ത തോൽവിയെയാണ് നേരിട്ടത്. ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലെത്തി മത്സരിച്ച കലെലെ കേശവമൂർത്തി 21,334 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. തോൽവിയോടെ ശ്രീനിവാസപ്രസാദിന്‍റെ രാഷ്ട്രീയഭാവി സംശയത്തിലായി.

അതേസമയം, ഗുണ്ടൽപേട്ടിൽ സ്ഥാനാർഥിയായി മത്സരിച്ച ഗീത മഹാദേവ പ്രസാദിന് അനുകൂലമായുണ്ടായ സഹതാപതരംഗം കോണ്‍ഗ്രസിന് തുണയായി. അന്തരിച്ച മന്ത്രിയും ഭർത്താവുമായ എച്ച്.എസ്. മഹാദേവപ്രസാദിന്‍റെ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ഗീത മഹാദേവപ്രസാദ് പ്രചാരണം നയിച്ചത്. 10,877 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഗീത വിജയിച്ചത്.

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമുണ്ടെ ന്ന ബിജെപിയുടെ വാദം കൂടിയാണ് ഇതോടെ പൊളിയുന്നത്. കോണ്‍ഗ്രസിനെതിരേ ഒരുക്കിയ എല്ലാ തന്ത്രങ്ങളും പാളുന്ന കാഴ്ചയാണ് ഇരുമണ്ഡലങ്ങളിലും കണ്ടത്. മണ്ഡലത്തിലെ പ്രബലനായ എംഎൽഎ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ചിട്ടും എംപിമാരടക്കമുള്ള മുതിർന്ന നേതാക്കളെ പ്രചാരണത്തിനെത്തിച്ചിട്ടും കോണ്‍ഗ്രസിന്‍റെ അപ്രമാദിത്വം തകർക്കാൻ യെദ്യൂരപ്പയ്ക്കു കഴിഞ്ഞില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുൻ മന്ത്രി എസ്.എം. കൃഷ്ണയും നഞ്ചൻകോട്ട് പ്രചാരണത്തിനെത്തിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടുതൽ കരുത്തനാകുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽ തിരിച്ചടിയേറ്റിട്ടും കർണാടകയിൽ കോണ്‍ഗ്രസിന് വിജയങ്ങൾ സമ്മാനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇരുമണ്ഡലങ്ങളിലും സിദ്ധരാമയ്യ നേരിട്ടെത്തിയാണ് പ്രചാരണം നയി്ച്ചത്. നാലുവർഷത്തെ സർക്കാരിന്‍റെ വികസനപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് വിജയത്തിനു കാരണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം.


തീരുമാനം മാറ്റി; വീണ്ടും മത്സരിക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇനി മത്സരിക്കില്ലെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുന്നതിനായി വീണ്ടും മത്സരത്തിനിറങ്ങുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിലെ വിജയം നല്കിയ ആത്മവിശ്വാസം ചെറുതല്ല. സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നല്കിയ അംഗീകാരമാണ് വിജയമെന്നും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.