തടാകമലിനീകരണം: സർക്കാരിനെതിരേ ഹരിത ട്രൈബ്യൂണൽ
Wednesday, April 19, 2017 5:40 AM IST
ബംഗളൂരു: നഗരത്തിലെ തടാകങ്ങൾ പതഞ്ഞുപൊങ്ങുന്ന സാഹചര്യത്തിൽ തടാകങ്ങളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത് തടയാൻ അടിയന്തര നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും മറുപടി നല്കാത്തതിന് താക്കീതായാണ് ഹരിത ട്രൈബ്യൂണൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ബെല്ലന്ദൂർ തടാകത്തിലേക്ക് മലിനജലം ഒഴുക്കുന്നത് അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കിൽ അതിനുള്ള ഉത്തരവിടുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നല്കി. ഏപ്രിൽ 18ന് വീണ്ടും വാദം കേൾക്കുന്പോൾ ചീഫ് സെക്രട്ടറി ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

തടാക വിഷയത്തിൽ നേരത്തെയും സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ രൂക്ഷവിമർശനം നേരിടേണ്ട ിവന്നിരുന്നു. ബെല്ലന്ദുർ തടാകം പതഞ്ഞുപൊങ്ങി തീപിടിച്ചതിന്‍റെ പത്രവാർത്തകൾ കണക്കിലെടുത്ത് ഫെബ്രുവരി 20ന് ഹരിതട്രൈബ്യൂണൽ സ്വമേധനാ കേസെടുക്കുകയായിരുന്നു. തടാകം പതഞ്ഞുപൊങ്ങുന്നത് തടയാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ഹരിതട്രൈബ്യൂണൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. എന്നാൽ സർക്കാർ നടപടിയെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും വിഷയത്തിൽ ട്രൈബ്യൂണൽ ഇടപെട്ടത്.

നഗരത്തിലെ പ്രധാന ജലാശയങ്ങളായ വർത്തുർ, ബെല്ലന്ദുർ അടുത്തകാലത്തായി പതഞ്ഞുപൊങ്ങുകയാണ്. ബെല്ലന്ദുർ തടാകം കഴിഞ്ഞ മാസം പതഞ്ഞുപൊങ്ങി തീപിടിക്കുകയും ചെയ്തു. വിഷാംശമുള്ള പത സമീപപ്രദേശങ്ങളിലേക്കു വ്യാപിക്കുന്നതു മൂലം പ്രദേശവാസികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയും നേരിടേണ്ടിവരുന്നു. തടാകത്തിന്‍റെ തീരങ്ങളിലുള്ള വ്യാവസായികശാലകളിൽ നിന്നും ഒഴുക്കിവിടുന്ന രാസമാലിന്യങ്ങളാണ് തടാകം പതഞ്ഞുപൊങ്ങാൻ കാരണം. തടാകങ്ങൾ പതഞ്ഞുപൊങ്ങുന്ന സംഭവം ആഗോളശ്രദ്ധ നേടിയതിനെത്തുടർന്ന് വിദേശരാജ്യങ്ങൾ സഹായവുമായി രംഗത്തെത്തുകയും ചെയ്തു. ഇസ്രയേൽ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നാൽപതംഗ വിദേശസംഘം കഴിഞ്ഞ ദിവസം മലിനീകരണം രൂക്ഷമായ വർത്തുർ, ബെല്ലന്ദുർ തടാകങ്ങളിൽ പരിശോധന നടത്തി തടാകശുചീകരണത്തിനായുള്ള മാർഗനിർദേശം നല്കിയിരുന്നു.