ഖത്തർ എയർവെയ്സിൽ ബാഗേജ് ട്രാക്കിംഗ് സംവിധാനം
Thursday, April 20, 2017 5:47 AM IST
ഫ്രാങ്ക്ഫർട്ട്: അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ അയാട്ടയുടെ 753-ാം പ്രമേയം അനുസരിച്ച് യാത്രയുടെ ആദ്യം മുതൽ അവസാനം വരെ ഓരോ ബാഗേജും ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി ഖത്തർ എയർവെയ്സ് ലോകത്തെ ആദ്യ എയർലൈൻസ് എന്ന ബഹുമതി സ്വന്തമാക്കി.

ഖത്തർ എയർവെയ്സിന്‍റെ ബാഗേജ് കൈകാര്യം ചെയ്യുന്ന ഹഖിബയാണ് ഈ നേട്ടത്തിന് പിന്നിൽ. നിലവിൽ ബാഗേജിന്‍റെ സ്ഥാനം ഖത്തർ എയർവെയ്സ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും തൽസമയം അറിയാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഹഖിബ ഒരുക്കിയത്.

പരിശോധന കഴിഞ്ഞ ബാഗേജുകളെ കുറിച്ച് വെബ്സൈറ്റിലെയും ആപ്പിലെയും ന്ധട്രാക്ക് മൈ ബാഗ്സ്’ വഴി തൽസമയം അറിയാം. ബാഗിനെ കുറിച്ചുള്ള അപ്ഡേറ്റുകൾ ആപ്പ് നോട്ടിഫിക്കേഷൻ വഴി അറിയിക്കും. ന്ധമൈ ട്രിപ്സ്’ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാം. ചെക്ക് ഇൻ, കൈമാറ്റം, അറൈവൽ, ബാഗ് ടാഗ് റഫറൻസ്, ബാഗേജ് ബെൽറ്റ് തുടങ്ങി ബാഗേജ് കൈകാര്യം ചെയ്യുന്ന പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ അടങ്ങിയ വിവരങ്ങളാണ് ലഭിക്കുക. ബാഗേജ് താമസിക്കൽ, നഷ്ടപ്പെടൽ തുടങ്ങിയവയെ സംബന്ധിച്ച് യാത്രാവേളയിൽ തന്നെ യാത്രക്കാരന് ഇതിലൂടെ അറിയാം. ഇതുവഴി ബാഗുകളുടെ കാലതാമസത്തിൽ സജീവമായി ഇടപെടാൻ ജീവനക്കാർക്കും സാധിക്കും.

ഉപയോക്താക്കൾക്ക് കന്പനി നൽകുന്ന മുന്തിയ പരിഗണനയാണ് ബാഗേജ് കൈകാര്യ സംവിധാനമെന്ന് ഖത്തർ എയർവെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അല്ബാകിർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷമാണ് അയാട്ട ഈ പ്രമേയം പ്രാബല്യത്തിൽ വരുത്തിയത്. അടുത്ത വർഷം ജൂണ്‍ ഒന്നിന് മുന്പ് സംഘടനയിലെ എല്ലാ വിമാന കന്പനികളും ഇത് പ്രാബല്യത്തിൽ വരുത്തേണ്ട തുണ്ട്. പ്രമേയം പ്രയോഗത്തിൽ കൊണ്ടുവന്നതിൽ ഖത്തർ എയർവെയ്സിന് പ്ലാറ്റിനം സർട്ടിഫിക്കറ്റ് ലഭിക്കും.

റിപ്പോർട്ട്: ജോർജ് ജോണ്‍