സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജണ്‍ ഭാരവാഹികൾ ചുമതലയേറ്റു
Thursday, April 20, 2017 8:16 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്‍റെ ആദ്യ യോഗം ബ്രിസ്റ്റോൾ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടന്നു.

ഏപ്രിൽ 12ന് നടന്ന യോഗത്തിൽ മാർ ജോസഫ് സ്രാന്പിക്കൽ അധ്യക്ഷത വഹിച്ചു. രൂപതയുടെ അജപാലന പ്രവർത്തനങ്ങൾ പ്രവാസികളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റ് സഭാപ്രവർത്തനങ്ങളും ഏകോപിക്കുന്നതിനുമായി രൂപതയെ എട്ട് റീജണുകളായി തിരിച്ചുവെന്നും ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്‍റെ കോഓർഡിനേറ്ററായി ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടിയെ നിയോഗിച്ചതായും അധ്യക്ഷ പ്രസംഗത്തിൽ മാർ സ്രാന്പിക്കൽ പറഞ്ഞു.

രൂപതാതലത്തിൽ സംഘടിപ്പിക്കുന്ന എല്ലാ അജപാലന പ്രവർത്തനങ്ങളും ഇനി മുതൽ ഈ എട്ട് റീജിയണുകളിൽ കൂടിയായിരിക്കും നടപ്പിലാക്കുന്നത്. ബൈബിൾ കണ്‍വൻഷനുകൾ, ബൈബിൾ ക്വിസ്, ബൈബിൾ കലോത്സവങ്ങൾ, വുമണ്‍സ് ഫോറം പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിലൂടെ കാര്യക്ഷമമാക്കുവാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തുടർന്നു ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്‍റെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിച്ച മാർ സ്രാന്പിക്കൽ നേതൃസ്ഥാനത്ത് സേവനം ചെയ്യുന്നവർ കൂടുതൽ സമർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.

എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍റെ മതബോധന ഡയറക്ടർ ആയ ഫാ. ജോയി വയലിൽ സിഎസ്ടി സീറോ മലബാർ സഭയുടെ പൈതൃകമനുസരിച്ചുള്ള ഒരു ഇമവേലരവലശേരമഹ ളീൃൗാ എട്ട് റീജണുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് സ്ഥാപിക്കുമെന്നും അങ്ങനെ മതബോധന പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും അറിയിച്ചു.

വിവിധ കുർബാന സെന്‍ററുകളിൽ നിന്നെത്തിയ വൈദികരായ ഫാ. സണ്ണി പോൾ, ഫാ. അംബ്രോസ് മാളിയേക്കൽ, ഫാ. ജോസ് മാളിയേക്കൽ, ഫാ. വിൽസണ്‍ കൊറ്റം, ഫാ. ജോസ് പൂവനിക്കുന്നേൽ, ഫാ. ജോയി വയലിൽ, ഡീക്കൻ ജോസഫ് ഫിലിപ്പ്, സിസ്റ്റർ ഗ്രേസ് മേരി, സിസ്റ്റർ ലീന മേരി പ്രതിനിധികളായെത്തിയ അൽമായ സഹോദരങ്ങളും തങ്ങളുടെ കുർബാന സെന്‍ററുകളുടെ പ്രവർത്തനങ്ങളെപറ്റി വിവരിച്ചു.

ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളായ വാൽസിംഗ്ഹാം തീർഥാടനം ജൂലൈ 16നും ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ബൈബിൾ കണ്‍വൻഷൻ ഒക്ടോബർ 28നും സോണൽ ബൈബിൾ കലോത്സവം ഒക്ടോബർ ഏഴിനും ഫാത്തിമ തീർഥാടനം ജൂലൈ 25, 26 തീയതികളിലും രൂപത ബൈബിൾ കലോത്സവം നവംബർ നാലിനും നടക്കും.

പുതിയ ഭാരവാഹികളായി ഫിലിപ്പ് കണ്ടോത്ത് (ട്രസ്റ്റി, ഗ്ലോസ്റ്റർ), റോയി സെബാസ്റ്റ്യൻ (ബ്രിസ്റ്റോൾ), ജോസി മാത്യു (കാർഡിഫ്), ഷിജോ തോമസ് (എക്സിറ്റർ), ജോണ്‍സൻ പഴംപള്ളി (സ്വാൻസി) എന്നിവർ ജോയിന്‍റ് ട്രസ്റ്റിമാരായും ബിജു ജോസഫ് (ട്രഷറർ, ബ്രിസ്റ്റോൾ), ലിജോ പടയാട്ടിൽ (സെക്രട്ടറി, ബ്രിസ്റ്റോൾ), സിസ്റ്റർ ഗ്രേസ് മേരി ചെറിയാൻ (പിആർഒ) ആയും തെരഞ്ഞെടുക്കപ്പെട്ടു.