ശീതീകരിച്ച ഡബിൾ ഡെക്കർ കോച്ചുകളുമായി ഉത്കൃഷ്ട് എസി യാത്രി എക്സ്പ്രസ്
Monday, April 24, 2017 7:17 AM IST
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ തിരക്കേറിയ റൂട്ടുകളിൽ ശീതീകരിച്ച ഡബിൾ ഡെക്കർ കോച്ചുകളുമായി വരുന്നു. ഉത്കൃഷ്ട് എസി യാത്രി എക്സ്പ്രസ് (ഉദയ്) എന്നു പേരിട്ടിട്ടുള്ള ട്രെയ്നിൽ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. മാത്രവുമല്ല യാത്രാ നിരക്ക് തേഡ് എസി മെയിൽ എക്സ്പ്രസ് ട്രെയ്നുകളിലേതിനെക്കാൾ കുറവായിരിക്കും. മറ്റു ട്രെയിനുകളേക്കാൾ 40 ശതമാനത്തോളം അധികം ഭാരം വഹിക്കാനാവും ഇവയ്ക്ക്. രാത്രി കാലങ്ങളിലായിരിക്കും സർവീസ്.

പരീക്ഷണാർഥം ജൂലൈയിൽ ഡൽഹി - ലക്നൗ റൂട്ടിലാകും ആദ്യ വണ്ടി ഓടി തുടങ്ങുകയെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. ചായ, ശീതള പാനീയങ്ങൾ, സ്നാക്സുകൾ എന്നിവ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകൾ വഴി ലഭ്യമാക്കും. വലിയ എൽസിഡി സ്ക്രീൻ, വൈ ഫൈ സ്പീക്കർ സംവിധാനം തുടങ്ങിയവ ഓരോ കോച്ചിന്‍റേയും പ്രത്യേകതയാണ്.