ജർമനിയിൽ എഎഫ്ഡിയും ഇടതുപക്ഷ പ്രവർത്തകരും ഏറ്റുമുട്ടി
Monday, April 24, 2017 8:17 AM IST
കൊളോണ്‍: ജർമൻ നഗരമായ കൊളോണിൽ തീവ്ര വലതുപക്ഷ പാർട്ടി എഎഫ്ഡിയുടെ സമ്മേളനം തടസപ്പെടുത്താൻ ഇടതുപക്ഷ അനുഭാവികൾ ശ്രമം നടത്തിയത് ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ സംഘർഷത്തിന് ഇടയാക്കി.

അറുനൂറോളം പ്രതിനിധികളാണ് പാർട്ടി സമ്മേളനെത്തിയത്. ഇവരെ സമ്മേളന വേദിയിലേക്കു കടത്താതെ കവാടത്തിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു പ്രതിഷേധവുമായെത്തിയവർ. സുരക്ഷ ഉറപ്പാക്കാൻ നാലായിരം പോലീസുകാരെ ഇവിടെ നിയോഗിച്ചിരുന്നു. ഇവരുടെ സഹായത്തോടെയാണ് പ്രതിനിധികളെ ഒടുവിൽ അകത്തു കടത്തിയത്.

ജർമനിയിലെ പതിനാറിൽ പതിനൊന്ന് സ്റ്റേറ്റ് പാർലമെന്‍റുകളിലും പ്രാതിനിധ്യം ഉറപ്പാക്കിക്കഴിഞ്ഞ എഎഫ്ഡി പൊതു തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനാണ് സമ്മേളനം വിളിച്ചത്. അഞ്ച് മാസം മാത്രമാണ് തെരഞ്ഞെടുപ്പിന് ശേഷിക്കുന്നത്.

തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ താനില്ലെന്ന് പാർട്ടി നേതാവ് ഫ്രോക്ക് പെട്രി സമ്മേളനത്തിനു മുൻപേ പ്രഖ്യാപിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ