ഫഞ്ച് തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം മരിനും മാക്രോണും നേർക്കുനേർ
Monday, April 24, 2017 8:19 AM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം പൂർത്തിയായപ്പോൾ തീവ്ര വലതുപക്ഷ സ്ഥാനാർഥി മരിൻ ലെ പെന്നും സെൻട്രിസ്റ്റ് ഇമ്മാനുവൽ മാക്രോണും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.

11 പേർ മത്സരിച്ച ആദ്യ ഘട്ടം തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയാകുന്പോൾ 23.9 ശതമാനം വോട്ടാണ് മാക്രോണിനു ലഭിക്കുന്നത്. മരിന് 21.4 ശതമാനവും. ആദ്യ ഘട്ടത്തിൽ ഇരുവരും മുന്നിലെത്തുമെന്നു തന്നെയാണ് അഭിപ്രായ സർവേകളിലും വ്യക്തമാക്കിയിരുന്നു.

മേയ് ഏഴിനു നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ഇരുവരും ഏറ്റുമുട്ടും.
രണ്ടാം ഘട്ടത്തിൽ മാക്രോണ്‍ അനായാസം ജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജയിച്ചാൽ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റായിരിക്കും മുപ്പത്തൊന്പതുകാരനായ ഇമ്മാനുവൽ മാക്രോണ്‍. മധ്യവർത്തി നയങ്ങൾ നടപ്പിലാക്കണമെന്നു ശഠിക്കുന്ന നേതാവ്. കുറേക്കാലം ഗവണ്‍മെന്‍റ് ഓഫീസർ, പിന്നീട് റോഥ്സ് ചൈൽഡ് ബാങ്കിൽ. പ്രസിഡന്‍റ് ഒളാന്ദിൻറെ ഉപദേഷ്ടാവ്. പിന്നീട് ധനമന്ത്രി. ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത്. സാന്പത്തിക കാര്യങ്ങളിൽ ലിബറൽ സാമൂഹ്യകാര്യങ്ങളിൽ പുരോഗമനവാദി. ബിസിനസിന് അനുകൂലം. ഇടതുമല്ല വലതുമല്ല; പ്രായോഗികവാദി എന്നു സ്വയം വിശേഷണം.

നാല്പത്തെട്ടുകാരിയായ മരീൻ നാഷണൽ ഫ്രണ്ട് നേതാവ്. മരിൻ ജയിച്ചാൽ തീവ്ര വലതുപക്ഷ ആശയങ്ങൾ യൂറോപ്പിൽ ശക്തമായി വേരുറപ്പിക്കുന്നതിന്‍റെ ആദ്യത്തെ അന്താരാഷ്ട്ര തെളിവുമാകും. തീവ്രവലതുപക്ഷ നയങ്ങൾ. നാഷണൽ ഫ്രണ്ട് സ്ഥാപൻ ഴാങ് മരീലെ പെന്നിന്‍റെ മൂന്നാമത്തെ മകൾ. അഭിഭാഷക. 2011 ൽ കടുത്ത പോരാട്ടത്തിലൂടെ പാർട്ടി പിടിച്ചടക്കി. യൂറോപ്യൻ പാർലമെന്‍റ് അംഗം കുടിയേറ്റം തടയും ഇസ്ലാമിസം ഇല്ലാതാക്കും, യൂറോ കറൻസി ഉപേക്ഷിക്കും. യൂറോപ്യൻ യൂണിയനിൽ നിന്നു ഫ്രാൻസിനെ പിൻവലിക്കും. സാന്പത്തിക ദേശീയവാദവും ഫ്രാൻസ് ഒന്നാമത് മുദ്രാവാക്യവും.

ആരു ജയിച്ചാലും പതിറ്റാണ്ടുകൾ പഴക്കമുള്ള ഫ്രഞ്ച് രാഷ്ട്രീയ പാരന്പര്യത്തിന് അതു മാറ്റം വരുത്തുമെന്നും ഉറപ്പാണ്. ദീർഘകാലമായി സെന്‍റർ റൈറ്റ് പാർട്ടികളും ഇടതുപക്ഷ പാർട്ടികളും തമ്മിലാണ് ഫ്രാൻസിൽ അധികാരത്തിനായുള്ള മുഖ്യ മത്സരം നടന്നു വരുന്നത്. ഇക്കുറി സെന്‍റർ റൈറ്റ് സ്ഥാനാർഥി ഫ്രാൻസ്വ ഫില്ലനും തീവ്ര ഇടതുപക്ഷ സ്ഥാനാർഥി ഴാങ് ലൂക് മെലെൻകോണും ആദ്യ ഘട്ടത്തിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു എന്നേ പറയാനാകൂ. ഫില്ലൻ മൂന്നാം സ്ഥാനത്തും മെലെൻകോണ്‍ നാലാമതുമെത്തിയപ്പോൾ സോഷ്യലിസ്റ്റ് സ്ഥാനാർഥി ബെനോ ഹാമനാണ് അഞ്ചാമത്.

അഞ്ചുവർഷമാണ് പ്രസിഡന്‍റിന്‍റെ കാലാവധി. 67,000 പോളിംഗ് ബൂത്തുകളാണ് രാജ്യത്ത് സജ്ജീകരിച്ചിരുന്നത്. സുരക്ഷയ്ക്കായി അരലക്ഷത്തോളം പോലീസുകാരെയും 7000 സൈനികരെയും സജ്ജമാക്കിയിരുന്നു തെരഞ്ഞെടുപ്പ് സമാധാനമായി നടത്താൻ. 46 മില്ല്യണ്‍ ജനങ്ങൾക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. ഇന്ത്യയുടെ അഞ്ചിലൊന്ന് (643801) ച.കി.മീ ഫ്രാൻസിലെ ജനസംഖ്യ കേരളത്തിന്‍റെ ഇരട്ടിയോളമാണ് (6.7 കോടി). യൂറോപ്യൻ യൂണിയനിലെ മുൻപന്തിയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഫ്രാൻസ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ