ത്രീഡി വിസ്മയവുമായി മംഗളൂരുവിൽ പ്ലാനറ്റോറിയം വരുന്നു
Tuesday, April 25, 2017 6:16 AM IST
ബംഗളൂരു: ഇന്ത്യയിലെ ആദ്യ ത്രീഡി പ്ലാനറ്റോറിയം മംഗളൂരുവിൽ. സ്വാമി വിവേകാനന്ദന്‍റെ പേരിലുള്ള പ്ലാനറ്റോറിയം ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും. പിലികുലയിലുള്ള ഡോ. ശിവറാം കാരന്ത് ബയോളജിക്കൽ പാർക്കിലാണ് പ്ലാനറ്റോറിയമൊരുങ്ങുന്നത്. കർണാടക സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ നേതൃത്വത്തിൽ 2013ലാണ് ഇതിന്‍റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.

സിംഗപ്പുർ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിലൊരുക്കുന്ന ത്രീഡി പ്ലാനറ്റോറിയം 35.6 കോടി രൂപ മുതൽമുടക്കിലാണ് നിർമിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള ഐഐഎ ഒപ്ടിക്കൽ പ്രൊജക്ടറിന്‍റെ സഹായത്തോടെ ത്രീഡി എട്ട്-കെ ദൃശ്യമികവിലാണ് പ്ലാനറ്റോറിയത്തിലെ കാഴ്ചകളൊരുക്കുന്നത്. ഒരേസമയം 200 പേർക്ക് ഇരുന്ന് കാഴ്ചകൾ കാണാനാകും. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും വിവരണങ്ങളുണ്ടാകും.