ഡിഎംഎ ദിനാഘോഷങ്ങൾ വർണശബളമായി
Tuesday, April 25, 2017 6:39 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഡിഎംഎ ദിനം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക കേന്ദ്രത്തിൽ വർണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. എല്ലാ വർഷവും ഏപ്രിൽ 14 ആണ് ഡിഎംഎ ദിനമായി ആഘോഷിക്കുന്നത്. എന്നാൽ പതിവിനു വിപരീതമായി ഏപ്രിൽ 22ന് ആയിരുന്നു ആഘോഷപരിപാടികൾ.

ഡിഎംഎ ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും മലയാളി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രത്യേകിച്ച്, ഡൽഹി മലയാളികൾക്കായി നൽകിയ സേവനങ്ങളെ മുൻനിർത്തി വരുന്ന ഡിഎംഎ വിശിഷ്ഠ സാമൂഹ്യ സേവാ പുരസ്കാരം റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. എം. രാമചന്ദ്രനും ഡിഎംഎക്ക് നൽകിയ സേവനങ്ങളെ മാനിച്ച് നൽകി വരുന്ന വിശിഷ്ഠ സേവാ പുരസ്കാരം സി.എം. ജോണിനും നൽകി ആദരിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ഡിഎംഎ പ്രസിഡന്‍റ് സി.എ. നായർ ഇരുവരേയും പൊന്നാട അണിയിച്ചു.

സി.എ. നായർ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുൻ വനം വകുപ്പു മന്ത്രി ബിനോയ് വിശ്വം, ഡൽഹി ഡെവലപ്മെന്‍റ് അതോറിറ്റി ലാൻഡ്സ് കമ്മീഷണർ ആർ. സുബു ഐഎഎസ്, ഡിഎംഎ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ആഘോഷകമ്മിറ്റി കണ്‍വീനർ എ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്‍റ് വിനോദിനി ഹരിദാസ്, ട്രഷറർ സി.ബി. മോഹനൻ, ജോയിന്‍റ് ട്രഷറർ കെ.ജെ. ടോണി, ഇന്‍റർണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ് തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

തുടർന്നു ഡിഎംഎയിലെ കലാകാരന്മാരും കലാകാരികളും കലാഭവൻ മണിയുടെ പാട്ടുകൾ കോർത്തിണക്കി അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും മോഹിനിയാട്ടവും ഇന്പമാർന്ന നാടൻപാട്ടുകളും സ്കിറ്റും ഗാനാലാപനങ്ങളും ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു. അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി