കൊച്ചി എയർപോർട്ടിനു മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം
Wednesday, April 26, 2017 4:12 AM IST
ഫ്രാങ്ക്ഫർട്ട്-കൊച്ചിൻ: കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് നൽകുന്ന സേവനത്തിനു അന്തരാഷ്ട്ര അംഗീകാരം ലഭിച്ചു. വിമാനത്താവള ഓപ്പറേറ്ററർമാരുടെ അന്തരാഷ്ട്ര സംഘടനയായ എയർപോർട്ട് കൗണ്‍സിൽ ഓഫ് ഇന്‍റർനാഷണലാണു ഈ അംഗീകാരം നൽകിയത്. പ്രതിവർഷം അന്പതു ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ലോക വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണു കൊച്ചി എയർപോർട്ടിനു മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം കിട്ടിയത്.

ആഗോളാടിസ്ഥാത്തിൽ ആറു ലക്ഷം യാത്രക്കാരുടെ ഇടയിൽ നടത്തിയ സർവേയിലാണു കൊച്ചി എയർപോർട്ടിനെ മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യം, പാർക്കിംങ്ങ് സൗകര്യം, ചെക്ക് ഇൻ സൗകര്യം, കസ്റ്റംസ്-ഇമിഗ്രേഷൻ സൗകര്യം, സുരക്ഷാ സംവധാനം, ഭക്ഷണശാലകൾ, ശുചിമുറികൾ തുടങ്ങി 34 സൂചകങ്ങളെ ആധാരമാക്കി തയാറാക്കിയ ചോദ്യാവലിയാണ് ഈ മികച്ച സേവന തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.

ആഗോളാടിസ്ഥാനത്തിൽ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട ഏജൻസികൾ, ഗവണ്‍മെന്‍റുകൾ എന്നിവയുമായി ഒന്നിച്ച് പ്രവർത്തിക്കുന്ന ആഗോളസംഘടനയായ എയർപോർട്ട് കൗണ്‍സിൽ ഓഫ് ഇന്‍റർനാഷണലിൽ 176 രാജ്യങ്ങളിലായി 1940 വിമാനത്താവളങ്ങൾ അംഗങ്ങളാണ്. ലോകത്തിലാദ്യമായി പ്രവാസികളുടെ നിക്ഷേപത്തോടെ സ്വകാര്യ മേഖലയിലെ കൊച്ചി എയർപോർട്ടിനു ഈ രാജ്യാന്തര അംഗീകാരം ലഭിച്ചതിൽ പ്രവാസി മലയാളികൾ സന്തുഷ്ടരാണ്.

റിപ്പോർട്ട്: ജോർജ് ജോണ്‍