മരിൻ ലെ പെൽ പാർട്ടി നേതൃത്വം രാജിവച്ചു
Thursday, April 27, 2017 4:46 AM IST
പാരീസ്: ഫ്രാൻസിലെ പ്രസിഡന്‍റ് സ്ഥാനാർഥി മരിൻ ലെ പെൻ നാഷണൽ ഫ്രന്‍റ് പാർട്ടി നേതൃത്വം രാജിവച്ചു. പക്ഷഭേദമില്ലാതെ മുന്നോട്ടു പോകുക എന്നതാണ് ലക്ഷ്യമെന്ന് വിശദീകരണം.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ രണ്ടാം സ്ഥാനം നേടിയ മരിൻ, മേയ് ഏഴിന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ സെൻട്രിസ്റ്റ് സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള തയാറെടുപ്പിലാണ്.

രണ്ടാം ഘട്ടത്തിൽ മാക്രോണിനാണ് അഭിപ്രായ സർവേകൾ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. എന്നാൽ, നമുക്കു ജയിക്കാൻ കഴിയും. നമ്മൾ ജയിക്കും എന്നാണ് മരിൻ ഇതിനോടു പ്രതികരിച്ചിരിക്കുന്നത്.

നേതൃത്വത്തിൽനിന്നു മാറിനിൽക്കാനുള്ള തീരുമാനം താത്കാലികം മാത്രമാണെന്നാണ് സൂചന. ഫ്രാൻസ് നിർണായക സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ പറഞ്ഞു.

രാജ്യത്തിന്‍റെ പ്രസിഡന്‍റ് ഒരുതരത്തിലുള്ള വിവേചനങ്ങളുമില്ലാതെ ജനങ്ങളെ ഒരുമിച്ചു നിർത്തേണ്ടയാളാണ്. അതിനാലാണ് പ്രത്യേക പാർട്ടിയുടെ പ്രസിഡന്‍റ് എന്ന സ്ഥാനം താൻ രാജിവയ്ക്കുന്നതെന്നും അവർ വിശദീകരിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ