മുസ് ലിംകളോട് ജർമൻ ജൂതർക്ക് പേടി കൂടുന്നു
Friday, April 28, 2017 8:11 AM IST
ബെർലിൻ: ഒരു വിഭാഗം മുസ് ലിംകളുടെയും ചില കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷ സംഘടനകളുടെയും ആന്‍റി സെമിറ്റിക് നിലപാടുകൾ ജർമനിയിലെ ജൂതരുടെ ഭീതി വർധിപ്പിക്കുന്നതായി സർവേ റിപ്പോർട്ടുകൾ. ദൈനംദിന അനുഭവങ്ങളാണ് ഇവരുടെ ആശങ്ക ഏറാൻ കാരണമെന്ന് വിദഗ്ധ സമിതയുടെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് പരാമർശങ്ങൾ. വാക്കാലോ പ്രവൃത്തിയാലോ നേരിട്ട അതിക്രമങ്ങളെക്കുറിച്ചായിരുന്നു സർവേയിലെ ചോദ്യങ്ങൾ. കൂടുതൽ അക്രമം മുസ് ലിംകളിൽനിന്നായിരുന്നു എന്ന് സർവേയിൽ പങ്കെടുത്തവർ പറയുന്നു. എന്നാൽ, ഇതിന്‍റെ വ്യക്തമായ കണക്കുകൾ റിപ്പോർട്ടിൽ ഇല്ല.

അതേസമയം, ജൂതരല്ലാത്ത ജർമൻകാരിൽ ഭൂരിപക്ഷവും ഇതൊരു വലിയ പ്രശ്നമായി കാണുന്നില്ലെന്നും സർവേയിൽ വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ