ബുർഖ ഭാഗിക നിരോധനത്തിന് ജർമൻ പാർലമെന്‍റിന്‍റെ അംഗീകാരം
Friday, April 28, 2017 8:18 AM IST
ബെർലിൻ: ജർമനിയിൽ ബുർഖ ഭാഗികമായി നിരോധിക്കാൻ ജർമൻ പാർലമെന്‍റ് നിയമം പാസാക്കി. ഇതനുസരിച്ച് മുസ് ലിം വിഭാഗത്തിൽപ്പെട്ട സിവിൽ ഓഫീസർമാരും ജഡ്ജിമാരും പട്ടാളക്കാരും ജോലി സമയത്ത് മുഖം മറയ്ക്കാൻ പാടില്ലെന്നുള്ള നിയമമാണ് ജർമൻ പാർലമെന്‍റിൽ പാസായിരിക്കുന്നത്.

തീവ്രവാദി ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിരോധന അംഗീകാരം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൈനിക ജുഡീഷ്യൽ സ്റ്റാഫ് ഉൾപ്പെടെ ഉള്ളവരുടെ കൃത്യനിർവഹണത്തിനും നിരോധനം ബാധകമാകും.

ഫേഷ്യൽ മൂടികൾ മുഴുവനായി നീക്കം ചെയ്യണമെന്ന് വലതുപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടുവെങ്കിലും പാർലമെന്‍റിൽ ചർച്ചയ്ക്കുവന്നത് വോട്ടിനിട്ട് തള്ളി. പൊതു സ്ഥലങ്ങളിൽ മൊത്തം നിരോധനമാണ് പാർട്ടികൾ ആവശ്യപ്പെട്ടത്. ജർമനിയിലെ ബവേറിയ സംസ്ഥാനം നിയമം മൂലം ബുർഖ പൂർണമായും നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ 18 മാസമായി ഏതാണ്ട് ഒരു മില്യണ്‍ ആൾക്കാർ ജർമനിയിൽ കുടിയേറിയിട്ടുണ്ട്. ഇവരിൽ ഏറെപേരും ബുർഖ ധരിക്കുന്നവരാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ