ജിദ്ദയിൽ മരിച്ച മേലാറ്റൂർ സ്വദേശി ജോഷിയുടെ സംസ്കാരം നാട്ടിൽ നടത്തി
Saturday, April 29, 2017 7:45 AM IST
ജിദ്ദ: ജിദ്ദയിൽ മരിച്ച മലപ്പുറം മേലാറ്റൂർ എടപ്പറ്റ പുല്ലുപറന്പ് സ്വദേശി ജോഷിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ബുധനാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ചുങ്കത്തറ മാർത്തോമ്മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയും സംസ്കാരം വെള്ളിയാഴ്ച പാതിരിക്കോട് പുല്ലുപറന്പ് സെന്‍റ്്മേരീസ് പള്ളിയിൽ നടത്തുകയും ചെയ്തു.

ജോർജുകുട്ടി-മേരി ദന്പതികളുടെ മൂത്ത മകനായ ജോഷി ശാരാ ഹിറയിൽ സ്വകാര്യ എസി കന്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടെ ഇരുന്പു ഗോവണിയിൽനിന്നും കാൽവഴുതി താഴെവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ജോഷിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കിംഗ് ഫഹദ് ആശുപത്രിയേക്കും മാറ്റി. ഏപ്രിൽ 15നായിരുന്നു അന്ത്യംസംഭവിച്ചത്.

ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനും നാട്ടുകാരനുമായ യാസർ അറഫാത്ത് ആഞ്ഞിങ്ങാടി രേഖകൾ ശരിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകി.

ഭാര്യ: സിൻസി. ആൻജിന (12), റിച്ച (9), ജുഹാന എന്നിവർ മക്കളാണ്. അൽജൗഫിലെ സൈനിക ആശുപത്രിയിൽ ജോലി ചെയ്യുന്ന ജിഷോ സഹോദരനാണ്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ