കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്നിയിൽ ഉജ്ജ്വല സ്വീകരണം; മെൽബണിൽ 14 ന്
Monday, May 8, 2017 2:36 PM IST
മെൽബണ്‍: പൗരസ്ത്യ സഭാ റീത്തുകളായ സീറോ മലബാർ, കാൽദീയൻ, മാരോണൈറ്റ്, മെൽകൈറ്റ്, ഉക്രേനിയൻ എന്നിവയുടെ ഓസ്ട്രേലിയായിലെ രൂപതകൾ സന്ദർശിക്കാനായി എത്തിചേർന്ന കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്നി എയർപോർട്ടിൽ മാർ ബോസ്കോ പുത്തൂരിന്‍റെ നേതൃത്വത്തിൽ സ്വീകരണം നല്കി.

സിഡ്നിയിൽ നടക്കുന്ന ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്യുന്ന കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് ന്യൂസൗത്ത് വെയിൽസ് പാർലമെന്‍റിൽ സ്വീകരണം നൽകും. തുടർന്നു സിഡ്നിയിലെ കാത്തലിക് യൂണിവേഴ്സിറ്റിയും സന്ദർശിക്കും.

കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി മേയ് 14 ന് (ഞായർ) മെൽബണ്‍ സീറോ മലബാർ രൂപത സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് ഡാൻഡിനോംഗ് സെന്‍റ് ജോണ്‍സ് റീജണൽ കോളജിൽ എത്തുന്ന കർദിനാൾ സാന്ദ്രിയേയും മാർപാപ്പയുടെ ഓസ്ട്രേലിയായിലെ സ്ഥിരം പ്രതിനിധി ബിഷപ് അഡോൾഫോ റ്റിറ്റൊ യലാനയേയും മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിന്‍റെ നേതൃത്വത്തിൽ സ്വീകരിക്കും. വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, സെന്‍റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരും പങ്കെടുക്കും.

തുടർന്നു മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി വചനസന്ദേശം നൽകും. പൊതുയോഗത്തിൽ സെന്‍റ് തോമസ് സീറോ മലബാർ സൗത്ത്-ഈസ്റ്റ് ഇടവക ദേവാലയത്തിനായി വാങ്ങിയിരിക്കുന്ന സ്ഥലം വിശ്വാസികൾക്കായി സമർപ്പിക്കുന്ന കർമം നിർവഹിച്ച് ലെയനാർദോ സാന്ദ്രി സംസാരിക്കും. ചടങ്ങിൽ രൂപതയുടെ നേതൃത്വത്തിൽ നവംബറിൽ നടക്കുന്ന റെക്സ്ബാൻഡ് ഓസ്ട്രേലിയ ടൂറിന്‍റെ ഒൗദ്യാഗികമായ ലോഞ്ചിംഗ് ഡാൻഡിനോംഗ് മേയർ ജിംമേമെറ്റി നിർവഹിക്കും. അപ്പസ്തോലിക് നൂണ്‍ഷ്യൊ അഡോൾഫോ റ്റിറ്റൊ യലാന, മാർ ബോസ്കോ പുത്തൂർ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ എന്നിവർ പ്രസംഗിക്കും. ഓസ്ട്രേലിയൻ മെൽകൈറ്റ് എപ്പാർക്കി ബിഷപ്പ് റോബെർട്ട് റബാറ്റ്, ഓസ്ട്രേലിയൻ മാരോണൈറ്റ് എപ്പാർക്കി ബിഷപ്പ് ആന്േ‍റായിൻ ചാർബെൽ റ്റാരബെ, ഓസ്ട്രേലിയൻ കാൽദിയൻ എപ്പാർക്കി ബിഷപ് അമൽ ഷാമോൻ നോണ, മെൽബണ്‍ അതിരൂപത സഹായമെത്രാൻ പീറ്റർ എലിയട്ട്, സാന്ദ്രി പിതാവിന്‍റെ സെക്രട്ടറി ഫാ. ഫ്ളാവിയൊ പാച്ചെ, ഡാൻഡിനോംഗ് എംപി ഗബ്രിയേലെ വില്യംസ്, ബ്രൂസ് എം.പി ജൂലിയൻ ഹിൽ, ഓർഡർ ഓഫ് ഓസ്ട്രേലിയ മെഡൽ ജേതാവ് കവലിയർ ഫെലിച്ചെ മോണ്‍ട്രോണ്‍, മെൽബണ്‍ കാത്തലിക് ഡെവലപ്മെന്‍റ് ഫണ്ട് സിഇഒ മാത്യു കാസിൻ, കാത്തലിക് സൂപ്പർ ജനറൽ മാനേജർ റോബെർട്ട് ക്ലാൻസി തുടങ്ങിയവർ സംബന്ധിക്കും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ